തൃശൂർ : അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്ന തൃശൂരിലെ സംഗീത സ്കൂളിനെ രക്ഷിക്കാൻ 60 ലക്ഷം രൂപ അനുവദിച്ച് മ്യൂസിക് കോളജായി ഉയർത്തി. പക്ഷേ ഇപ്പോഴവിടെ കോളജുമില്ല, സ്കൂളുമില്ല. തൃശൂരിലെ മോഡൽ ഗേൾസ് ഹൈസ്കുളിന്റെ ഒരു മൂലയിലുള്ള രണ്ടു ക്ലാസ് മുറികളിലായി പ്രവർത്തിച്ചിരുന്ന സ്കൂൾ മന്ദിരം ഏതു നിമിഷവും നിലംപൊത്തും.
ജീവനിൽ കൊതിയുള്ളവർ സമീപത്തുപോലും വരില്ല. ഒരു വർഷം മുന്പ് സ്കൂളിനു മുന്നിലുണ്ടായിരുന്ന ബോർഡുപോലും ഇപ്പോഴില്ല. സ്കൂളിൽനിന്നു കോളജായി ഉയർന്ന സംഗീത സരസ്വതീക്ഷേത്രത്തിന്റെ അവസ്ഥയാണിത്. കോളജിനു സ്വന്തമായി സ്ഥലം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സ്വന്തം സ്ഥലത്ത് പ്രവർത്തനം ആരംഭിക്കുമെന്നുമാണ് മന്ത്രി വി.എസ്. സുനിൽകുമാർ പറയുന്നത്.
ഒന്നരവർഷം മുന്പാണ് എസ്ആർവി മ്യൂസിക് സ്കൂൾ അടച്ചുപൂട്ടൽ ഭീഷണിയിലായത്. 105 വർഷം പഴക്കമുള്ള സ്കൂളാണിത്. നാലുവർഷത്തെ ഡിപ്ലോമ കോഴ്സുകളിൽ ചേരാൻ ആരും വരാതിരുന്നതുമൂലമാണു സ്കൂൾ അടച്ചുപൂട്ടാൻ യുഡിഎഫ് ഭരണകാലത്തു വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കുകയായിരുന്നു.
അന്നത്തെ എംഎൽഎ തേറന്പിൽ രാമകൃഷ്ണന്റെ നേതൃത്വത്തിൽ സർക്കാരിൽ സമ്മർദം ചെലുത്തിയതോടെ കോളജായി ഉയർത്താൻ തീരുമാനിച്ചു. ഇതിനായി സ്പെഷൽ ഓഫീസറെ നിയോഗിക്കുകയും 60 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ അധ്യയന വർഷംമുതൽ മൂന്നു കോഴ്സുകളിലേക്കു പ്രവേശനവും അനുവദിച്ചിരുന്നു.
എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനുശേഷം സ്പെഷൽ ഓഫീസറെ മാറ്റി. അപായാവസ്ഥയിലുള്ള കെട്ടിടം നന്നാക്കാനോ കോളജ് മറ്റിരിടത്തേക്കു മാറ്റിസ്ഥാപിക്കാനോ നടപടിയുണ്ടായില്ല. കോഴ്സുകളിലേക്കു പ്രവേശനം നടത്തിയതുമില്ല. മുറിക്കകത്ത് വീണയടക്കമുള്ള സംഗീതോപകരണങ്ങൾ പൊടിയും മാറാലയും പിടിച്ചു നശിക്കുന്നു. അങ്ങനെ സംഗീത സരസ്വതീക്ഷേത്രത്തിന് അന്ത്യമായി.