ധാക്ക: ബംഗ്ലാദേശിൽ പ്രമുഖ സംഗീതജ്ഞൻ രാഹുൽ ആനന്ദയുടെ വീടിനു കലാപകാരികൾ തീയിട്ടു. ധാക്കയിലെ ധൻമോണ്ടി 32ൽ സ്ഥിതി ചെയ്യുന്ന വസതിയിൽ ഇന്നലെ ഉച്ചയോടെയാണ് അക്രമികൾ ഇരച്ചെത്തിയത്. പിന്നാലെ വീടു കൊള്ളയടിക്കുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു.
സംഭവസമയം, ആനന്ദയും ഭാര്യയും മകനും വീട്ടിലില്ലായിരുന്നതിനാൽ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള പല വസ്തുക്കളും നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
കൈ കൊണ്ട് നിർമിച്ച മൂവായിരത്തിലധികം സംഗീതോപകരണങ്ങളുടെ വിപുലമായ ശേഖരം വീട്ടിലുണ്ടായിരുന്നു. ഇതു മുഴുവനും കലാപകാരികൾ തീയിട്ടുനശിപ്പിച്ചു.
ഗേറ്റ് തകർത്താണ് അക്രമികൾ വീടിനകത്തേക്കു പ്രവേശിച്ചത്. തുടർന്നു വാതിലുകൾ കുത്തിത്തുറന്നു. പിന്നലെ ഫർണിച്ചറുകളും കണ്ണാടികളും ഉൾപ്പെടെ വിലപിടിപ്പുള്ള എല്ലാം കവർന്നുവെന്ന് അദ്ദേഹത്തിന്റെ അടുത്ത ബന്ധു പറഞ്ഞു.
ഗാനരചയിതാവും ഗായകനുമായ രാഹുൽ ആനന്ദ ധാക്കയിൽ ജോലർ ഗാൻ എന്ന പേരിൽ ബാൻഡ് നടത്തുകയാണ്. ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ വൻ ആക്രമണമാണ് ബംഗ്ലാദേശിൽ നടക്കുന്നത്.