സ്വന്തംലേഖകന്‍
കോഴിക്കോട്: എല്‍ഡിഎഫില്‍ ഏറെ വിവാദമായ കുറ്റ്യാടി മോഡല്‍ പ്രതിഷേധം യുഡിഎഫില്‍ വിജയിക്കുമോ എന്ന് ഇന്നറിയാം.
പേരാമ്പ്രയില്‍ മുസ്ലിം ലീഗ് നേതൃത്വം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റണമെന്നാണ് പ്രദേശിക നേതാക്കളുടെ വികാരം.
ഇതോടെ സിപിഎം പ്രാദേശിക നേതൃത്വം കുറ്റ്യാടിയില്‍ പരീക്ഷിച്ച പുതു തന്ത്രം മുസ്ലിം ലീഗിലും വിജയിക്കുമോയെന്ന ആശങ്കയിലാണ് അണികള്‍.
അതേസമയം സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സ്ഥാനാര്‍ഥിയെ തന്നെ പേരാമ്പ്രയില്‍ മത്സരിപ്പിക്കാനാണ് ലീഗ് നേതൃത്വം തീരുമാനിച്ചതെന്നാണ് വിവരം.
പേരാമ്പ്രയില്‍ സമവായത്തിലെത്താനാകാതെ തര്‍ക്കം തുടരുന്നതിനിടെ ഇന്നലെ ലീഗ് പ്രാദേശിക നേതാക്കളെ പാണക്കാടേക്ക് വിളിപ്പിച്ചിരുന്നു.
സാധ്യതാ പട്ടികയിലുണ്ടായിരുന്ന സി.എച്ച്. ഇബ്രാഹിംകുട്ടി ഹാജിയെ തന്നെ സ്ഥാനാര്‍ഥിയാക്കണമെന്ന രീതിയിലാണ് ഇന്നലെ ചര്‍ച്ച നടന്നത്.
ഇന്ന് വൈകിട്ടോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. ഇംബ്രാഹിംകുട്ടി ഹാജിക്കെതിരേ പ്രദേശിക ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
ഒരു പരിപാടിയില്‍ പോലും പങ്കെടുക്കാതിരുന്ന വ്യക്തിയെ സ്ഥാനാര്‍ഥിയാക്കരുതെന്നായിരുന്നു പൊതു അഭിപ്രായം.
ഇതേ ആവശ്യമുന്നയിച്ച് പ്രദേശിക നേതൃത്വം പാണക്കാട് തങ്ങളേയും കുഞ്ഞാലിക്കുട്ടിയേയും സമീപിച്ചിരുന്നു.
എന്നാല്‍ നേതൃത്വം ഇതിന് വഴങ്ങിയിട്ടില്ല. അതേസമയം പ്രാദേശിക വികാരം നേതൃത്വം മാനിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.
25 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ദിവസം തന്നെ പേരാമ്പ്ര സീറ്റിലെയും സ്ഥാനാര്‍ഥിയെ മുസ്ലിംലീഗ് തീരുമാനിച്ചിരുന്നു.
പ്രവാസി വ്യവസായി സി.എച്ച്.ഇബ്രാഹിംകുട്ടിയെയാണു പരിഗണിച്ചിരുന്നത്. എന്നാല്‍, ഇദ്ദേഹത്തിനെതിരെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതോടെ പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.