കൊച്ചി: കൊച്ചിയില്‍ അലന് വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണംപോയ സംഭവത്തില്‍ ഡല്‍ഹിയില്‍ മൂന്ന് പേര് പിടിയിലായി. ഇവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇതിന്റെ ഐഎംഇഐ നമ്പര്‍ പോലീസ് പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പോലീസിന്റെ കൈവശമുണ്ട്.
കേസില്‍ കൂടുതല്‍ പ്രതികളുടെ പങ്ക് സംശയിക്കുന്ന പോലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കാണാതായ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. 36 ഫോണുകളാണ് നഷ്ടമായത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളാണ്. പ്രതികളെ വൈകാതെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും.
മോഷണത്തിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുണ്ടെന്ന് സംശയിക്കുന്ന പോലീസ് സംഘം രണ്ടായി തിരിഞ്ഞ് ഡല്‍ഹിയില്‍ അന്വേഷണം തുടര്‍ന്നുവരികയാണ്. ഗോവയിലടക്കം അലന് വാക്കറുടെ പരിപാടിക്കിടെ സമാനരീതിയില്‍ കവര്‍ച്ച നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
കവര്‍ച്ചക്ക് പിന്നില്‍ രണ്ട് സംഘങ്ങളുണ്ടെന്നാണ് സൂചന. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്ത് പോയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന് വാക്കര്‍ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്.