സ്റ്റഡ്ഗഡ്: യൂറോ 2024ന്റെ സൂപ്പർ താരമായി മാറുകയാണ് ജർമൻ യുവതാരം യമാൽ മുസിയാല. ഗോൾ നേടിയശേഷം മുസിയാല നടത്തുന്ന ആഘോഷം ശ്രദ്ധേയമാണ്. ഗ്രൂപ്പ് എയിൽ ജർമനിയുടെ രണ്ടാം മത്സരത്തിൽ ഹംഗറിക്കെതിരേ ഗോൾ നേടിയശേഷം മൂന്നു വിരൽ നെറ്റിയോട് ചേർത്തായിരുന്നു മുസിയാല ആഘോഷിച്ചത്.
ഈ ആഘോഷം വന്നത് എൻബിഎ (നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷൻ) മുൻതാരം മാർമെലോ ആന്റണിയിൽനിന്നാണ്. മൂന്നു പോയിന്റ് നേടിയശേഷം മാർമെലോ ആന്റണി നടത്തുന്ന ആഘോഷത്തിനു സമാനമായിരുന്നു ഹംഗറിക്കെതിരായ ഗോൾനേട്ടത്തിനു ശേഷം മുസിയാല നടത്തിയത്.
ജർമനി 2-0ന് ഹംഗറിയെ കീഴടക്കിയപ്പോൾ ആദ്യഗോൾ മുസിയാലയുടെ വകയായിരുന്നു. ഇതോടെ യൂറോ കപ്പ് ചരിത്രത്തിൽ ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിൽ മുസിയാലയെത്തി. 21 വർഷവും 114 ദിനവുമാണ് ഹംഗറിക്കെതിരേ ഇറങ്ങിയപ്പോൾ മുസിയാലയുടെ പ്രായം.
ബഫനൊപ്പം നോയർ
യൂറോ കപ്പിൽ ഏറ്റവും കൂടുതൽ മത്സരം കളിക്കുന്ന ഗോൾ കീപ്പർ എന്ന നേട്ടത്തിൽ ജർമനിയുടെ മാനുവൽ നോയർ. ഹംഗറിക്കെതിരായ മത്സരത്തിൽ ഇറങ്ങിയതോടെയാണിത്. ഇറ്റലിയുടെ മുൻ താരം ജിയാൻലൂയിജി ബഫന്റെ 17 യൂറോ മത്സരങ്ങൾ എന്ന റിക്കാർഡിനൊപ്പം നോയർ എത്തി. ഗ്രൂപ്പ് എയിൽ സ്വിറ്റ്സർലൻഡിനെതിരായ അടുത്ത മത്സരത്തിൽ ഇറങ്ങിയാൽ നോയറിന് റിക്കാർഡ് സ്വന്തം പേരിൽ ചേർക്കാം.