എല്ലാ രാജ്യത്തും സമാധാനാന്തരീക്ഷം നിലനില്ക്കുന്നതിനാവശ്യമായ ഒന്നാണ് സാമുദായിക സൗഹാര്ദ്ദം. അത്തരത്തിലൊരു സാമുദായിക സൗഹാര്ദ്ദത്തിന്റെ പുത്തന് മാതൃകയാണ് ഇപ്പോള് പുറത്തു വന്നിരിക്കുന്നത്.
ഹിമാചല്പ്രദേശിലെ ഷിംല ജില്ലയിലുള്ള രാംപൂരില് നിന്നാണ് ഇപ്പോള് അത്തരമൊരു വാര്ത്ത പുറത്തു വന്നിരിക്കുന്നത്. ഹിന്ദു ക്ഷേത്രപരിസരത്ത് മുസ്ലീം ദമ്പതികള് ആചാരപ്രകാരം വിവാഹിതരായതാണ് വാര്ത്ത.
ഈ നല്ല മാതൃകക്ക് കയ്യടിക്കുകയാണ് രാജ്യമെമ്പാടുള്ള ജനാധിപത്യ മതേതര വിശ്വാസികള്. വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂര് സത്യനാരായണ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്.
മുസ്ലീം സമുദായത്തില് പെട്ടവരും ഹിന്ദു സമുദായത്തില്പ്പെട്ടവരും വിവാഹച്ചടങ്ങുകളില് പങ്കെടുക്കാനായി എത്തിയിരുന്നു.
ക്ഷേത്ര പരിസരത്ത് മൗലവിയുടെയും സാക്ഷികളുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തിലാണ് നിക്കാഹ് നടത്തിയത്.
മതസൗഹാര്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനങ്ങളില് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രത്തില് വച്ച് ഇങ്ങനൊരു വിവാഹം നടത്തിയത്.
വിശ്വഹിന്ദു പരിഷത്തിന്റെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും ജില്ലാ ഓഫീസും സത്യനാരായണ ക്ഷേത്ര സമുച്ചയത്തിലാണ്.
”ഈ ക്ഷേത്രവും രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ ജില്ലാ കാര്യാലയവും വിശ്വഹിന്ദു പരിഷത്താണ് നോക്കി നടത്തുന്നത്. വിശ്വഹിന്ദു പരിഷത്തും ആര്എസ്എസും മുസ്ലീം വിരുദ്ധരാണെന്ന ആക്ഷേപം പലപ്പോഴും കേള്ക്കാറുണ്ട്. എന്നാല് ക്ഷേത്ര സമുച്ചയത്തില് ഇതാ മുസ്ലീം ദമ്പതികള് വിവാഹിതരായിരിക്കുന്നു. എല്ലാവരെ ജനങ്ങളെയും ഉള്ക്കൊണ്ട് മുന്നോട്ട് പോകാനാണ് സനാതന ധര്മം എല്ലാവരോടും ആഹ്വാനം ചെയ്യുന്നത്”, രാംപൂരിലെ താക്കൂര് സത്യനാരായണ ക്ഷേത്ര ട്രസ്റ്റ് ജനറല് സെക്രട്ടറി വിനയ് ശര്മ വാര്ത്താ ഏജന്സിയായ എഎന്ഐയോട് പറഞ്ഞു.
ഇത്തരത്തിലൊരു വിവാഹം നടത്തിയതിലൂടെ രാംപൂരിലെ ജനങ്ങള്ക്കിടയില് സാഹോദര്യത്തിന്റെ സന്ദേശമാണ് തങ്ങള് അവതരിപ്പിച്ചതെന്നും പരസ്പര സാഹോദര്യത്തോടെയാകണം നാം മുന്നോട്ടു നീങ്ങേണ്ടതെന്നും പെണ്കുട്ടിയുടെ പിതാവ് മഹേന്ദ്ര സിംഗ് മാലിക് പറഞ്ഞു.
തന്റെ മകള് എം.ടെക് ബിരുദധാരിയും സിവില് എഞ്ചിനീയറും സ്വര്ണമെഡല് ജേതാവുമാണെന്നും മകളുടെ ഭര്ത്താവ് സിവില് എഞ്ചിനീയറാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.