മലപ്പുറം: വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു വനിത നേതൃത്വം നൽകിയതു പണ്ഡിതർക്കിടയിൽ പുതിയ വിവാദത്തിനു തിരികൊളുത്തുന്നു. മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ കേന്ദ്ര കമ്മിറ്റി ഓഫീസിലായിരുന്നു നമസ്കാരം. സംഘടനയുടെ ജനറൽ സെക്രട്ടറി ജാമിദയാണ് ഇമാം ആയത്. നമസ്കാരത്തിനു നേതൃത്വം നൽകുക സാധാരണ പുരുഷൻമാരാണ്. എന്നാൽ ഇത്തരമൊരു നിർബന്ധം ഖുർആനിൽ ഇല്ലെന്നാണ് ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ വാദം.
പൗരോഹിത്യത്തിനെതിരായ നിലപാടിന്റെ ഭാഗമായാണ് ജുമാഅ നമസ്കാരത്തിനു നേതൃത്വം നൽകിയതെന്ന് ജാമിദ പറയുന്നു. നമസ്കാരത്തിനു നേതൃത്വം നൽകുന്നത് മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ജാമിദ പറഞ്ഞു. അമേരിക്കയിലെ നവോഥാന മുസ്ലിം വനിത നേതാവായിരുന്ന ആമിന വദൂദ് ആണ് ആദ്യമായി ജുമുഅയ്ക്ക് നേതൃത്വം നൽകിയത്.
ഈ മാതൃക ഇന്ത്യയിലും നടപ്പാക്കാനാണ് ചേകന്നൂർ മൗലവിയുടെ ആദർശം പിന്തുടരുന്ന ഖുർആൻ സുന്നത്ത് സൊസൈറ്റിയുടെ ശ്രമം. വിഷയം സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നതോടെ മുസ്്ലിം പണ്ഡിതർ വിമർശനവുമായി രംഗത്തു വന്നു. വനിതകൾക്ക് ഖുത്ബ നടത്താനോ ഇമാം നിൽക്കാനോ ഇസ്ലാമിൽ അനുവാദമില്ലെന്നു അവർ വാദിച്ചു. ഇസ്്ലാം വിരുദ്ധയാണെന്ന് ആരോപിച്ച് ജാമിദയ്ക്കെതിരേ വധഭീഷണിയുയർന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.