സ്വന്തം ലേഖകന്‍
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ആഭ്യന്തര വകുപ്പിന്റെ നടപടികളില്‍ കണ്ണുനട്ട് മുസ്ലിം ലീഗ്. ഒരു മാസത്തിനിടെ മുസ്ലിം ലീഗിന്റെ രണ്ട് എംഎല്‍എമാരാണ് ആഭ്യന്തരവകുപ്പിന്റെ ‘പിടിയിലായത്’.
കാസര്‍ഗോഡ് ജില്ലാ ലീഗ് പ്രസിഡന്റായിരുന്ന എം.സി.ഖമറുദീനെതിരേയായിരുന്നു പോലീസിന്റെ ആദ്യ നടപടി. സ്വര്‍ണാഭരണശാലയുടെ മറവില്‍ 150 കോടി രൂപ വെട്ടിച്ചെന്നാണ് കേസ്.
ഇതിനു പിന്നാലെയാണ് പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ആഭ്യന്തര വകുപ്പിന്റെ നടപടിയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഭീതിയിലായി.
ആഭ്യന്തര വകുപ്പിന്റെ ‘ഭാവി നടപടിയില്‍’ കണ്ണുനട്ടിരിക്കുകയാണ് യുഡിഎഫ്. തദ്ദേശതെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തിനെതിരേയുള്ള വജ്രായുധമായി വിജിലന്‍സിനെ ഉപയോഗിക്കാനുള്ള സാധ്യതയാണ് കോണ്‍ഗ്രസും ലീഗും മുന്‍കൂട്ടി കാണുന്നത്.
ഷാജി കുരുക്ക്
വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ.എം.ഷാജി എംഎല്‍എക്കെതിരേയുള്ള തുടര്‍നടപടികളിലാണ് യുഡിഎഫിന് കൂടുതലും ആശങ്ക. ഷാജിക്കെതിരേ കണ്ണൂരും കോഴിക്കോടുമായി വിജിലന്‍സില്‍ രണ്ടു പരാതികളാണുള്ളത്.
അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തി വരികയാണെന്ന് അന്വേഷണ ചുമതലയുള്ള ഡിവൈഎസ്പി ബാബു പെരിങ്ങത്ത് ‘രാഷ്ട്രീദീപിക’യോട് പറഞ്ഞു. ഇതു പൂര്‍ത്തിയായാല്‍ ഷാജിയെ ചോദ്യംചെയ്യും.
അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കോഴിക്കോട് വിജിലന്‍സ് സ്പെഷല്‍ സെല്‍ മുമ്പാകെയുള്ള പരാതി. അഭിഭാഷകനും സിപിഎം പന്നിയങ്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.ആര്.ഹരീഷ് നല്കിയ പരാതിയില്‍
അന്വേഷണം നടത്താന്‍ കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനു മുന്നോടിയായി വിജിലന്‍സ് ഡയറക്ടര്‍ മുമ്പാകെ എസ്പി അനുമതി തേടി കാത്തിരിക്കുകയാണ്.
നിയമസഭാ സ്പീക്കര്‍ അന്വേഷണത്തിന് അനുമതി നല്കിയാല് ഏതെല്ലാം വിഷയങ്ങളില്‍ അന്വേഷണം നടത്തണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശം ആഭ്യന്തര വകുപ്പ് നല്‍കും. തുടര്‍ന്ന് അന്വേഷണം നടത്താനാണ് വിജിലന്‍സ് തീരുമാനിച്ചത്.
കോഴിക്കോട് മാലൂര്‍കുന്നിലെ ഷാജിയുടെ വീട് 1,62,60,000 രൂപയാണ് ഷാജിയുടെ കോഴിക്കോട്ടെ വീടിന്റെ മൂല്യം. ഇത്രയും തുക ഷാജി എങ്ങനെ കരസ്ഥമാക്കിയെന്നാണ് വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുക.
വിയർക്കുന്നു ലീഗ്
കണ്ണൂരിലെ വിജിലന്‍സ് അന്വേഷിക്കുന്ന പരാതി കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്. ഏപ്രിലിലാണ് ഷാജിക്കെതിരേ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച പരാതിയില്‍ ഇഡി കേസെടുക്കുന്നത്. അതേസമയം ഷാജിയും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറും ചേര്‍ന്ന് ഭൂമി തട്ടിപ്പ് നടത്തിയെന്ന പരാതിയും ഇഡി മുമ്പാകെ കഴിഞ്ഞ ദിവസം ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസ് നല്‍കിയിട്ടുണ്ട്.
ഈ പരാതി വരും ദിവസങ്ങളില്‍ വിജിലന്‍സിനും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലും ലൈഫ് മിഷന് ക്രമക്കേട് സംബന്ധിച്ച കേസിലും കേന്ദ്രഏജന്‍സികള്‍ പ്രതികൂട്ടിലാക്കുന്നസാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിച്ച് പ്രത്യാക്രമണത്തിന് തയാറായത്.
സര്‍ക്കാറിനെതിരേയുള്ള കേന്ദ്രഏജന്‍സികളുടെ അന്വേഷണത്തെ യുഡിഎഫ് പ്രചാരണ ആയുധമായാണ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. അതിനിടെയാണ് അപ്രതീക്ഷിതമായ വിജിലന്‍സ് നടപടി.