സ്വന്തം ലേഖകന്‍
കോഴിക്കോട്: പതിനായിരകണക്കിന് പേരെ അണിനിരത്തി വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധപ്രകടനം രാഷ്ട്രീയ വിവാദത്തിലേക്ക് കടന്നതോടെ പ്രതിരോധത്തിലേക്ക് ലീഗ്.
മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരായ നേതാവിന്റെ വിവാദപരാമര്‍ശം മാപ്പുപറച്ചിലിലേക്ക് എത്തുകയും വഖഫ് വിഷയത്തില്‍ ലീഗ് നിലപാടിന് അതേനാണയത്തില്‍ മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ ലീഗ് വെട്ടിലായി. മുഖ്യമന്ത്രി ഇത്രയും കടുത്ത ഭാഷയില്‍ മുസ്ലിം ലീഗിനെ വിമര്‍ശിക്കുന്നത് ആദ്യമാണ്.
കുഞ്ഞാലിക്കുട്ടിക്കുള്ള മറുപടി
പാര്‍ട്ടി സെക്രട്ടറിയായിരിക്കേ പോലും ലീഗ് വിഷയത്തില്‍ അതിരുകടന്ന പരാമര്‍ശം പിണറായിയുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല. ലീഗിനേറ്റ പ്രഹരം സമസ്ത ഉള്‍പ്പെടെയുള്ള മറ്റു വിഭാഗങ്ങള്‍ക്ക് നേട്ടമാകുകയും ചെയ്തു.
ഫലത്തില്‍ പാണക്കാട് കുടുംബത്തിനും ലീഗ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടിക്കുമുള്ള മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
വഖഫ് വിഷയത്തില്‍ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ (ഇ കെ വിഭാഗം) സ്വീകരിച്ച നിലപാടാണ് തങ്ങളുടെ ശക്തി തെളിയിക്കുന്നതിലേക്ക് ലീഗിനെ കൊണ്ടുചെന്നെത്തിച്ചത്. നിലവിലെ അവസ്ഥയില്‍ കാര്യങ്ങള്‍ ആലോചിച്ചശേഷം തുടര്‍ നടപടിയെന്ന നിലപാടിലാണ് ലീഗ്.
അതേസമയം ആര്‍എസ്എസിനോട് മത്സരിക്കുന്ന മത -തീവ്രവര്‍ഗീയ പ്രസ്ഥാനമായി മുസ്ലിം ലീഗ് മാറുന്നുവെന്നരാഷ്ട്രീയ ആക്ഷേപമാണ് സിപിഎം ഉയര്‍ത്തുന്നത്.
രാഷ്ട്രീയ കക്ഷി എന്ന ലേബലില്‍നിന്ന് ലീഗ് പൂര്‍ണമായി മതമേലങ്കി അണിയുന്ന കാഴ്ചയാണ് വഖഫ് സംരക്ഷണ റാലി എന്ന പേരില്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയില്‍ പ്രകടമായതെന്നും ഇവര്‍ ആരോപിക്കുന്നു.
അഞ്ചരവര്‍ഷമായി ഭരണമില്ലാത്തത് ലീഗിന്റെ സമനില നഷ്ടമാക്കിയെന്ന് ആക്ഷേപമാണ് ഉയരുന്നത്. അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് എടുക്കുന്ന മൗനം ലീഗിനെ അസ്വസ്ഥമാക്കുന്നുമുണ്ട്.
അതേസമയം വഖഫ് വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടുപോയാല്‍ തന്നെ അതിന്റെ ക്രെഡിറ്റ് ലീഗിന് ലഭിക്കരുതെന്ന ഉറച്ചവാശിയും സിപിഎമ്മിനുണ്ട്.
സമസ്തയ്ക്കും കാന്തപുര വിഭാഗത്തിനും നല്കിയ ഉറപ്പ് പാലിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ലെന്ന് സിപിഎം പറയുന്നത്.
തീവ്രസംഘടനകളുടെ സാന്നിധ്യം ? വിവരങ്ങള്‍ ശേഖരിച്ച് പോലീസ്
കോഴിക്കോട്: വഖഫ് വിഷയവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധറാലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച പോലീസ്. ലീഗ് നേതൃത്വത്തിനെ്റ കണക്കുട്ടലുകള്‍ പോലും തെറ്റിച്ച ആള്‍ക്കൂട്ടമാണ് ബിച്ചില്‍ സമ്മേളന സ്ഥലത്ത് ഉണ്ടായിരുന്നത്.
ഇതിനൊപ്പം വിവാദങ്ങള്‍ കൂടി എത്തിയതോടെയാണ് പോലീസ് വിശദാംശങ്ങള്‍ പരിശോധിക്കുന്നത്. സമ്മേളന നഗരിയില്‍ തീവ്രസംഘടനാ പ്രവര്‍ത്തകരുടെ സാന്നിധ്യമുണ്ടായിരുന്നോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കും.