വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. എന്നാല്‍ ഈ ചിത്രത്തിന്റെ റിലീസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.
ചിത്രത്തില്‍ മുസ്ലീമുകളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്നും അതിനാല്‍ തമിഴ്നാട്ടില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണം എന്നുമാണ് മുസ്ലീം ലീഗിന്റെ ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വിഎംഎസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്കെ പ്രഭാകറിനു കത്തു നല്കി.
ബോംബാക്രമണത്തിനും വെടിവെപ്പുകള്‍ക്കും പിന്നില്‍ മുസ്ലിംകള് മാത്രമാണെന്ന തരത്തില്‍ സിനിമകളില്‍ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്ന് കത്തില്‍ പറയുന്നു.
‘ബീസ്റ്റ്’ പ്രദര്‍ശനത്തിനെത്തിയാല്‍ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം കുവൈറ്റില്‍ ബീസ്റ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന കാര്യവും മുസ്ലീം ലീഗ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ മാസം 13നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. വിജയ്യുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്.
ചെന്നൈയിലെ ഒരു മാള്‍ ടെററിസ്റ്റുകള്‍ ഹൈജാക്ക് ചെയ്തതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
‘വീരരാഗവന്‍’ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. സര്‍ക്കാരും അധികൃതരും നിസഹായരായ സാഹചര്യത്തില്‍ മാളില്‍ അകപ്പെട്ടവര്‍ക്ക് രക്ഷകനായി എത്തുന്നത് വിജയ് ആണ്. ചിത്രത്തിന്റെ ടീസറിനും വലിയ സ്വീകരണമാണ് ലഭിച്ചത്.