സ്വന്തം ലേഖകൻ
കോഴിക്കോട്: മുസ് ലിം ലീഗിനോടുള്ള അകലം കുറച്ച് ഇടതുമുന്നണിയുടെ വാതിൽ തുറന്നിട്ട സിപിഎമ്മിന്റെ നിലപാടിൽ നെഞ്ചിടിപ്പോടെ ഘടകകക്ഷികൾ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു മുഴം മുന്പേ എന്ന തരത്തിൽ സിപിഎം കരുക്കൾ നീക്കുന്പോൾ മുന്നണിയിൽ നിലവിലുള്ള കക്ഷികളുടെയും നേതാക്കളുടെയും നിലനിൽപ്പാണ് ചോദ്യം ചെയ്യപ്പെടുന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ലീഗിന്റെ നെടുംതൂണായ സമസ്തയുമായി സർക്കാരും സിപിഎമ്മും നല്ല ബന്ധമാണ് പുലർത്തുന്നത്.
സിഎഎ സമരത്തിലടക്കം ഇതു പ്രകടമായിരുന്നു. മാത്രമല്ല സമസ്ത പ്രസിഡന്റടക്കമുള്ള നേതാക്കൾ വഖഫ് ബോർഡ് നിയമന വിഷയങ്ങളിലടക്കം സർക്കാരിനെ കടന്നാക്രമിക്കാതെ മിതത്വം പാലിക്കുകയും ചെയ്തു.
ഇതിനെല്ലാം പുറമെയാണ് ലീഗ് ജനാധിപത്യ പാർട്ടിയാണെന്ന തരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടുത്തിടെ പ്രസ്താവന നടത്തിയത്.
ഇതുകൂടി ആയപ്പോഴാണ് ഇടതിലെ ചെറിയ കക്ഷികൾ നെഞ്ചിടിപ്പോടെ തങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നത്. മുസ് ലിം ലീഗ് ഇടത് പാളയത്തിലെത്തിയാൽ സിപിഐയ്ക്ക് പോലും ലഭിക്കാത്ത പരിഗണന ലഭിക്കുമെന്ന് ഇടത് മുന്നണിയിലെ നേതാക്കൾ ആകുലപ്പെടുന്നു.
സിപിഐ പോലും രണ്ടാം നിരയിലേക്ക് മാറുമെന്നും ഇടത് മുന്നണിയിൽ സിപിഎം, ലീഗ്, കേരള കോൺഗ്രസ് എന്നിങ്ങനെ പ്രബല ശക്തികൾക്ക് മാത്രം പ്രാധിനിത്യമാകുമെന്നും ഘടകകക്ഷി നേതാക്കൾ ആശങ്കപ്പെടുന്നു.
ഒന്നും രണ്ടും എംഎൽഎമാരുള്ള ചെറിയ പാർട്ടികൾ നിയമസഭാ സീറ്റ് എന്ന വാദം ഉയർത്താൻപോലും കഴിയാത്ത തരത്തിൽ ഒതുക്കപ്പെട്ടേക്കാം.
ചില കോർപറേഷൻ, ബോർഡ് സ്ഥാനങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും അവർ കരുതുന്നു. ഇങ്ങനെ സംഭവിച്ചാൽ നിലനിൽപിനായി ഇടതിലെ ചെറിയ പാർട്ടികൾ പലതും ലയിച്ചു ഒന്നായി മാറേണ്ട സാഹചര്യവുമുണ്ടാകാം. മിക്ക നേതാക്കളുടെയും രാഷ്ട്രീയ ഭാവി അതോടെ അനിശ്ചിതത്വത്തിലുമാകും.