വടകര: വടകരയിൽ മുസ്ലിംലീഗിനകത്ത് ഉരുണ്ടുകൂടിയ ഭിന്നിപ്പ് മൂർഛിക്കുന്നു. പ്രബലമായ വടകര ടൗണ്‍ കമ്മിറ്റിയും മണ്ഡലം കമ്മിറ്റിയും തമ്മിൽ ഉടലെടുത്ത പിണക്കം ശക്തിപ്രാപിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പ്രശ്ന പരിഹാരത്തിന് തുനിയേണ്ട മേൽകമ്മറ്റിയുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടാകുന്നുമില്ല.
ടൗണ്‍ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന ചേരിതിരിവാണ് ഇപ്പോൾ ശക്തിപ്രാപിച്ചിരിക്കുന്നത്. ചൊവാഴ്ച ചന്ദ്രികഭവനിൽ ചേർന്ന മണ്ഡലം കമ്മറ്റിയോഗം ടൗണ്‍കമ്മറ്റി ഭാരവാഹികൾ ബഹിഷ്കരിച്ചു. ഇത് മണ്ഡലം കമ്മിറ്റി ഗൗരവത്തിലെടുത്തിരിക്കുകയാണ്. സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ടൗണ്‍ പ്രസിഡന്റ് പ്രൊഫ.കെ.കെ.മഹമൂദിനും സെക്രട്ടറി ടി.ഐ.നാസറിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മറ്റി യോഗം ജില്ലാ-സംസ്ഥാന കമ്മറ്റികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈയിടെ ഡിവൈഎഫ്ഐയുടെ വോളിബോൾ ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്ത ടൗണ്‍ ലീഗ് പ്രസിഡന്റ് കെ.കെ.മഹമൂദിന്റെ നടപടി വിവാദമായിരുന്നു. ഈ സംഭവത്തിൽ മഹമൂദിനെതിരെ പ്രവർത്തകർ മണ്ഡലം കമ്മിറ്റിക്കു പരാതി നൽകിയിരുന്നു. ഈ പരാതി ജില്ലാ കമ്മിറ്റിക്ക് അയച്ചുകൊടുക്കാൻ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
ടൗണ്‍, മണ്ഡലം കമ്മിറ്റികൾ തമ്മിലുള്ള പോരിൽ മേൽ കമ്മിറ്റിയുടെ നിലപാട് പക്ഷപാതപരമാണെന്ന ആക്ഷേപവും ഉയർന്നു. ജില്ലാ കമ്മറ്റിക്ക് ടൗണ്‍ കമ്മിറ്റിയോടാണ് ആഭിമുഖ്യമെന്നു പറയുന്നു. ഈയിടെ നടന്ന എംഐ സഭാ മാനേജ്മെന്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റി വെച്ച നിർദേശം മണ്ഡലം കമ്മിറ്റിയോട് ആഭിമുഖ്യമുള്ളവർ പരിഗണിച്ചിരുന്നില്ല. ഇതിൽ ജില്ലാ നേതൃത്വത്തിനു കടുത്ത നീരസമുണ്ട്. ഇക്കാര്യം മനസിലാക്കിയാണ് ടൗണ്‍ കമ്മിറ്റി മണ്ഡലം കമ്മിറ്റിയെ ഗൗനിക്കാത്തതെന്നു കേൾക്കുന്നു.
ടൗണ്‍ കമ്മിറ്റിക്കെതിരെ മണ്ഡലം കമ്മിറ്റി നൽകുന്ന പരാതി ജില്ലാ കമ്മിറ്റി പരിഗണിക്കുന്നില്ലെങ്കിൽ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാണ് നീക്കം. പ്രസിഡന്റ് എം.സി.ഇബ്രാഹിം അധ്യക്ഷത വഹിച്ച മണ്ഡലം കമ്മിറ്റി യോഗത്തിൽ എൻ.പി.അബ്ദുള്ളഹാജി, എ.പി.മഹമൂദ് ഹാജി, പി.കെ.സി.അബ്ദുറഹ്മാൻഹാജി, എം.ടി.അബ്ദുൾസലാം, ശംസുദീൻ വെള്ളികുളങ്ങര, സൂപ്പികുനിയിൽ, പി.സഫിയ, ഈങ്ങോളി ഷക്കീല, അശ്റഫ്, മഹറൂഫ്, അൻസാർ മുകച്ചേരി, അസ്ലം വള്ളിക്കാട്, സി.എച്ച്.ഉമ്മർ, അഹമ്മദ് കുന്നുമ്മൽ, എൻ.എ.ബക്കർ, ഒ.പി.മൊയ്തു എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി വി.എം.മുസ്തഫ സ്വാഗതവും ശംസുദീൻ കൈനാട്ടി നന്ദിയും പറഞ്ഞു.