മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ യുഡിഎഫിനു വെല്ലുവിളികളുയരുമെന്ന പ്രചാരണം നിലനിൽക്കെ മണ്ഡലത്തിലെ പ്രാദേശികതലത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മുസ്ലിംലീഗും കോണ്‍ഗ്രസും തമ്മിൽ ചർച്ച തുടങ്ങി. ഇന്നു രാവിലെ പതിനൊന്നോടെ ഡിസിസി ഓഫീസിലാണ് നേതൃയോഗം ആരംഭിച്ചത്.
മലപ്പുറം ജില്ലയിലെ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഉന്നത നേതാക്കൾ പങ്കെടുക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു ലീഗിന്റെ അഭ്യർഥനയെത്തുടർന്നു കെപിസിസി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ആര്യാടൻ മുഹമ്മദ്, എ.പി. അനിൽകുമാർ എംഎൽഎ തുടങ്ങിയവരാണ് സമിതി അംഗങ്ങൾ. മുസ്ലിംലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ മജീദ് അടക്കമുള്ള നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നു.
പൊന്നാനി മണ്ഡലത്തിൽ ഏറെക്കാലമായി കോണ്‍ഗ്രസും മുസ്ലിംലീഗും തമ്മിൽ പ്രശ്നങ്ങളുണ്ട്. ഇതു യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തെ ബാധിക്കാതിരിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്.ഇത്തവണ പൊന്നാനിയിൽ ഇ.ടി.മുഹമ്മദ് ബഷീർ സ്ഥാനാർഥിയാകുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് യോഗത്തിൽ പ്രമേയം പാസാക്കിയതാണ് യുഡിഎഫ് നേതൃത്വത്തെ വെട്ടിലാക്കിയത്. തുടർന്നു കെപിസിസി നേതൃത്വം ഇടപെട്ട് പ്രമേയം പിൻവലിച്ചെങ്കിലും മുന്നണിക്കുള്ളിൽ പടലപ്പിണക്കങ്ങൾ സജീവമാണെന്ന രഹസ്യം പുറത്തായി.
തിരൂരിൽ നടന്ന പൊന്നാനി പാർലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കൗണ്‍സിൽ യോഗത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നു മത്സരിക്കാൻ ഇ.ടി മുഹമ്മദ് ബഷീർ വേണ്ടെന്ന പ്രമേയം പാസാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടിയോ അതു പോലെയുള്ള നേതാക്കളോ വേണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
പൊന്നാനിയിൽ അനായാസം വിജയിക്കുന്ന ഒരാളെ നിർത്തണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാൻ ചില ഘടകകക്ഷികൾ ശ്രമിക്കുന്നുവെന്നും പ്രമേയത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. യുഡിഎഫിലെ പ്രധാന ഘടകകക്ഷിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസാക്കുകയും അത് മാധ്യമങ്ങൾക്കു പ്രസിദ്ധീകരണത്തിനു നൽകുകയും ചെയ്തതോടെ ലീഗ് നേതൃത്വം പ്രതിസന്ധിയിലായി. ഇതോടെ കെപിസിസി നേതൃത്വത്തെ മുസ്ലിം ലീഗ് നേതാക്കൾ അതൃപ്തി അറിയിക്കുകയും ചെയ്തു.
ഉടൻ യൂത്ത് കോണ്‍ഗ്രസിനോട് പ്രമേയം പിൻവലിക്കാനും ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാനും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ് സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസിനോടു വിശദീകരണം തേടിയിരുന്നു. തുടർന്നു പ്രമേയം തെറ്റിദ്ധരിക്കപ്പെട്ടതായും സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം പിൻവലിക്കുന്നതായും മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് യാസർ പൊട്ടച്ചോല അറിയിച്ചിരുന്നു.
ഇ.ടിയുടെ പ്രവർത്തന മികവിനെ ചോദ്യം ചെയ്യുന്ന തരത്തിലുളള ദുർവ്യഖ്യാനം ഈ പ്രമേയത്തിന്റെ പശ്ചാത്തലത്തിലുണ്ടായത് ഖേദകരമാണെന്നും പ്രസ്താവനയിലുണ്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞത് കോണ്‍ഗ്രസിന്റെ പൂർണപിന്തുണ ലഭിക്കാത്തതിനാലാണെന്ന ആരോപണമുയർന്നിരുന്നു. ഇത്തരം പ്രശ്നങ്ങൾ അടക്കമാണ് ഇരു നേതാക്കളും തമ്മിൽ ഇന്നു ചർച്ച നടക്കുന്നത്.