കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍നിന്നു മുസ് ലിം ലീഗ് പിന്മാറിയത് ലോക്സഭാ തെരഞ്ഞെടുപ്പിൽ “മൂന്നാം സീറ്റ്’ ലക്ഷ്യമിട്ടാണെന്നു സൂചന.
കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെ ഉള്‍പ്പെടെ അഭ്യര്‍ഥനമാനിച്ചാണ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍നിന്നു ലീഗ് പിന്മാറിയത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലുള്ള രണ്ടു സീറ്റിനു പകരം മൂന്നു സീറ്റ് ആവശ്യപ്പെടാനുള്ള സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണിതെന്ന പ്രചാരണം ശക്തമായിക്കഴിഞ്ഞു.
മലപ്പുറത്തും പൊന്നാനിയിലുമാണ് നിലവില്‍ മുസ് ലിം ലീഗ് മല്സരിച്ചുവരുന്നത്. രണ്ടിടത്തും കഴിഞ്ഞതവണ ലീഗ് സ്ഥാനാർഥികൾ ജയിക്കുകയും ചെയ്തു.
കാസര്‍ഗോഡ് മണ്ഡലമാണ് മൂന്നാം സീറ്റായി ലീഗ് ലക്ഷ്യം വച്ചിട്ടുള്ളതെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിനെ പ്രതിസന്ധിസമയത്ത് സഹായിച്ച സ്ഥിതിക്ക് ഇക്കാര്യം കൂടുതല്‍ ശക്തമായി ഉന്നയിക്കാന്‍ ലീഗിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
എക സിവില്‍കോഡിനെതിരേ കോണ്‍ഗ്രസില്ലാതെ പ്രക്ഷോഭം നയിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിനുശേഷം പറഞ്ഞത്.
ഏക സിവില്‍കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് തുടക്കത്തില്‍ സ്വീകരിച്ച നിലപാടിനോട് ലീഗ് നേതൃത്വത്തിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് ലീഗ് അയയുകയും സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്നു പരസ്യമായി അറിയിക്കുകയുമായിരുന്നു.
പ്രത്യക്ഷത്തില്‍ ലീഗിനെ കുറ്റപ്പെടുത്തി സിപിഎം നേതാക്കളാരും രംഗത്തുവന്നിട്ടില്ലെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റെന്ന ലീഗിന്റെ സ്വപ്നമാണ് ഇതിലൂടെ വ്യക്തമായതെന്നു കെ.ടി. ജലീല്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.