കോഴിക്കോട്: ചെന്നൈയിൽ നടക്കുന്ന പാർട്ടിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം വൻ സംഭവമാക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ്.
ഇന്നു പ്രതിനിധി സമ്മേളനവും നാളെ മഹാറാലിയും പൊതുസമ്മേളനവും നടക്കും. സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാൻ ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുകയാണ് മുസ്ലിം ലീഗ്.
മംഗളൂരുവില്‍നിന്നു ചെന്നൈയിലേക്കാണ് പ്രത്യേക ചാര്‍ട്ടേഡ് ട്രെയിൻ വാടകയ്ക്കെടുത്തിരിക്കുന്നത്. ട്രെയിൻ വാടകയ്ക്കെടുത്ത് പ്രവർത്തകരെ സമ്മേളനനഗരിയിലേക്ക് എത്തിക്കുന്നത് അപൂർവമാണ്. 60 ലക്ഷത്തോളം രൂപ മുടക്കിയാണ് ലീഗ് വാടകയ്ക്ക് ട്രെയിൻ എടുത്തിരിക്കുന്നത്.
17 സ്ലീപ്പർ കോച്ച്, മൂന്ന് എസി കോച്ച്, 24 പ്രവർത്തകരെ വീതം ഉൾക്കൊള്ളുന്ന രണ്ട് പ്രത്യേക കോച്ചുകൾ എന്നിങ്ങനെയാണ് ഈ ചാർട്ടേഡ് ട്രെയിനില്‍ ഉള്ളത്.
മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ഈ ചാര്‍ട്ടേഡ് ട്രെയിൻ പുറപ്പെടും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തിരൂർ, പാലക്കാട് എന്നിവിടങ്ങളിൽ മാത്രമാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്.
ഇവിടങ്ങളിൽനിന്ന് പാർട്ടിപ്രവർത്തകർ ട്രെയിനില്‍ കയറും. 1416 പ്രവർത്തകർക്ക് ഈ ട്രെയിനില്‍ യാത്രചെയ്യാം. ട്രെയിൻ നാളെ രാവിലെ ചെന്നൈ എഗ്മോറിലെത്തും. അവിടെനിന്ന് തമിഴ്നാട് സർക്കാർ ബസിൽ പ്രവർത്തകരെ സമ്മേളനനഗരിയായ രാജാജിഹാളിൽ എത്തിക്കും.
75 വർഷം മുൻപ് ഖ്വായിദ്-ഇ-മില്ലത്ത് പാർട്ടിക്ക് രൂപം നൽകിയത് ഇവിടെയായിരുന്നു. തമിഴ്നാട് സർക്കാരിന്റെ 30 ബസുകളാണ് ബുക്ക് ചെയ്തിട്ടുള്ളത്.
സമ്മേളനവും പൊതുപരിപാടിയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി 11ന് ഇതേ ചാര്‍ട്ടേഡ് ട്രെയിൻ തിരിച്ച് പ്രവർത്തകരുമായി മംഗളൂരുവിലേക്ക് പുറപ്പെടും.ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ കേരളത്തില്‍ നിന്നും 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.