കോഴിക്കോട്: പ്രസ്താവന തര്ക്കത്തില്നിന്നു മുസ് ലിം ലീഗ് അയഞ്ഞെങ്കിലും വിടാതെ സമസ്ത. സമസ്തയ്ക്കെതിരേ നിരന്തരം പരാമര്‍ശങ്ങളുമായി രംഗത്തെത്തിയ മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിനെ പി.കെ. കുഞ്ഞാലിക്കുട്ടി കൈവിട്ടെങ്കിലും ആക്ഷേപങ്ങൾ ഉന്നയിച്ചവരെ ആദ്യമേ തടയണമായിരുവെന്നാണ് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളുടെ പ്രതികരണം.
സലാമിനെ പോലുള്ളവരെ ഒന്നുകിൽ കടിഞ്ഞാണിടുക, അല്ലെങ്കിൽ കെട്ടിയിടുക, അതുമല്ലെങ്കിൽ എവിടെയാണോ ആക്കേണ്ടത് അതുപോലുള്ള സ്ഥലങ്ങളിൽ കൊണ്ട് ചെന്നാക്കുകയെന്നായിരുന്നു കാസർഗോഡ് നീലേശ്വരത്ത് എസ് വൈഎസ് പരിപാടിയിൽ ജിഫ്രി തങ്ങളുടെ പ്രതികരണം.
പരസ്യ പ്രസ്താവന അവസാനിപ്പിച്ചുവെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തോടാണ് ജിഫ്രി തങ്ങളുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
ആരെയും ഇരുത്തേണ്ടിടത്ത് ഇരുത്താന്‍ സമസ്തക്കറിയാമെന്നായിരുന്നു ജിഫ്രി തങ്ങളുടെ മറുപടി. സമസ്തയ്ക്ക് അതിനുള്ള ശക്തിയുണ്ട്. സമസ്തയില്‍ ആരെല്ലാം വേണമെന്ന് തീരുമാനിക്കാന്‍ ആരെയും ഗേറ്റ് കീപ്പറാക്കിയിട്ടില്ല.
എസ് വൈ എസ് സമസ്തയുടെ ഊന്നുവടി മാത്രമല്ല. ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കാന്‍ കൂടിയുള്ളതാണെന്നും ജിഫ്രി തങ്ങൾ തിരിച്ചടിച്ചു.
സമസ്തയുമായുള്ള തർക്കത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയെ കൈവിടുന്ന പ്രസ്താവനയാണ് പി.കെ. കുഞ്ഞാലിക്കുട്ടി അവസാനഘട്ടത്തിൽ നടത്തിയത്.
സലാമിന്റെ പരാമർശങ്ങൾ അറിവില്ലായ്മാണെന്ന് കുറ്റപ്പെടുത്തിയ കുഞ്ഞാലിക്കുട്ടി, ലീഗിൽ പരസ്യപ്രസ്താവനകൾ വിലക്കിയതായും അറിയിച്ചു.
സമസ്തയിൽ ലീഗ് വിരുദ്ധർ ഉണ്ടെന്നും ഇവർ സിപിഎമ്മിന്റെ താത്പര്യമാണു നടപ്പാക്കുന്നതെന്നും സലാം ആരോപിച്ചതാണ് സമസ്തയെ പ്രകോപിപ്പിച്ചത്. ഈ വിഭാഗം ലീഗിനെതിരേ നടത്തിയ നീക്കങ്ങളുടെ തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും കഴിഞ്ഞ ദിവസം സലാം ആരോപിച്ചിരുന്നു.