എംഎ യൂസഫലിയെ ഇനിയൊരു കാരണവശാലും വിമര്ശിക്കരുതെന്ന നിര്ദ്ദേശം നേതാക്കള്ക്കു നല്കി ലീഗ് നേതൃത്വം.
ലോക കേരള സഭ ബഹിഷ്കരണത്തില് പ്രതിപക്ഷ നിലപാട് ന്യായീകരിച്ചും പ്രതിപക്ഷത്തെ വിമര്ശിച്ച എം.എ.യൂസഫലിയെ തള്ളാതെയും മുസ്ലിം ലീഗ് നേതൃത്വം പരസ്യമായി രംഗത്ത് വന്നത് കരുതലിന്റെ ഭാഗമാണ്.
യൂസഫലി ആദരണീയ വ്യക്തിത്വമാണ്. അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പ്രതിപക്ഷം നടപ്പാക്കിയത് യുഡിഎഫ് നയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള് പറഞ്ഞു.
യൂസഫലി ബിസിനസ്സുകാരന് മാത്രമല്ല. ധാരാളമായി ജീവകാരുണ്യ പ്രവര്ത്തനങ്ങള് നടത്തുന്ന വ്യക്തി കൂടിയാണ് യൂസഫലി. ലീഗിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ് ജീവകാരുണ്യ പ്രവര്ത്തനങ്ങളെന്നും തങ്ങള് പറഞ്ഞു.
ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാടിനെ ലോക കേരളസഭയില് പങ്കെടുത്ത് എം.എ. യൂസഫലി വിമര്ശനമുന്നയിച്ചിരുന്നു.
ലീഗ് നേതാവ് കെ.എം. ഷാജി ഇതിന് പരോക്ഷമായി കടുത്തഭാഷയില് മറുപടിയും നല്കിയിരുന്നു. ഈ മറുപടി ചര്ച്ചയായ സാഹചര്യത്തിലാണ് ലീഗ് നേതൃത്വത്തിന്റെ വിശദീകരണം.
യുഡിഎഫിലെ പാര്ട്ടികള് അനുവദിച്ചതിനാലാണു തങ്ങളുടെ പ്രവാസി സംഘടനകള് കേരള സഭയില് പങ്കെടുത്തതെന്നും ലീഗ് നേതൃത്വം പറഞ്ഞു.
യൂസഫലിക്കെതിരായ കെ എം ഷാജിയുടെ വിമര്ശനങ്ങളെ തള്ളി ദുബായ് കെഎംസിസി നേതാവ് ഇബ്രാഹീം എളേറ്റില് രംഗത്തു വന്നിട്ടുണ്ട്.
കെ എം ഷാജിക്ക് അറിയാത്തതുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞതെന്നും യൂസഫലിക്കുണ്ടായ പ്രയാസത്തില് ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇബ്രാഹിമിന്റെ വാക്കുകള് ഇങ്ങനെ…ഞാന് പ്രതിനിധീകരിക്കുന്നത് മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കെഎംസിസിയെ ആണ്.
ഞങ്ങളുടെ ഒരു വ്യക്തി സോഷ്യല് മീഡിയയില് ബഹുമാനപ്പെട്ട യൂസഫലി സാഹിബിനെക്കുറിച്ച് നടത്തിയ പരാമര്ശം അദ്ദേഹത്തിനുണ്ടാക്കിയ പ്രയാസത്തില് വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണ്.
ആ പറഞ്ഞ വ്യക്തിക്ക് അറിയാത്തതുകൊണ്ടായിരിക്കും. അദ്ദേഹം അത് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു. 16 വര്ഷങ്ങള്ക്ക് മുമ്പ് ഒരു നൈറ്റ് സൂക്ക് കത്തിയപ്പോള് അവിടെയുള്ള മുഴുവന് ചെറുകിട കച്ചവടക്കാര്ക്കും 600ല് അധികം തൊഴിലാളികള്ക്കും മൂന്നു മാസത്തോളം ഭക്ഷണം കൊടുത്ത വ്യക്തിത്വമാണ് യൂസഫലി സാഹിബ്.
അത്രയധികം പ്രവാസികളുടെ പ്രശ്നത്തില് ഇടപെടുന്ന ആളാണ് അദ്ദേഹം. യൂസഫലി സാഹിബിനുണ്ടായ പ്രയാസത്തില് ഞാന് വളരെയധികം ഖേദം പ്രകടിപ്പിക്കുകയാണ്.
ലോക കേരള സഭയില് പങ്കെടുക്കാത്തതിന് യുഡിഎഫിനെ വിമര്ശിച്ച യൂസഫലിക്കെതിരെ കെ എം ഷാജി വിമര്ശനമുന്നയിച്ചിരുന്നു.
മോദിയെ പ്രീതിപ്പെടുത്താന് പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെ വിലയ്ക്ക് വാങ്ങാന് വരേണ്ട എന്നായിരുന്നു ഷാജിയുടെ പരാമര്ശം.
തങ്ങളുടെ നേതാക്കള് എവിടെയൊക്കെ പോകണം പോകണ്ട എന്ന് തീരുമാനിക്കുന്നത് ഒരു മുതലാളിയുടെയും വീട്ടില്പ്പോയി ചീട്ട് കീറിയിട്ടല്ലെന്നും ഷാജി പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് യൂസഫലിയെ അനുനയിപ്പിക്കാനുള്ള ലീഗ് നേതാക്കളുടെ തിരക്കിട്ട നീക്കം. ഇതിന് പ്രകാരം യൂസഫലി എന്തുപറഞ്ഞാലും അത് അംഗീകരിക്കുക എന്ന നയം പിന്തുടരാണ് ലീഗിന്റെ നീക്കം.