കോഴിക്കോട്: 2011ൽ യുഡിഎഫ് മന്ത്രിസഭയിൽ അഞ്ചാം മന്ത്രി വേണമെന്ന ആവശ്യമുയർത്തി പ്രതിസന്ധിയുണ്ടാക്കിയ മുസ് ലിംലീഗ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ അധികസീറ്റ് ആവശ്യവുമായി രംഗത്തിറങ്ങുന്നു.
ഇന്ന് മലപ്പുറത്ത് നടക്കുന്ന മുസ് ലിം ലീഗിന്റെ നേതൃ യോഗത്തിൽ ഈ വിഷയം പ്രധാന അജണ്ടയാകുമെന്നാണു സൂചന.നിലവിൽ മലപ്പുറവും പൊന്നാനിയുമാണ് ലീഗ് മത്സരിക്കുന്ന ലോക്സഭാ സീറ്റുകൾ. ഇതിന് പുറമെ ഒരു സീറ്റു കൂടി മുന്നണിയിൽ ആവശ്യപ്പെടാനാണ് ലീഗ് തയാറെടുക്കുന്നത്.
കേരളത്തിൽ ഏറ്റവും അധികം ന്യൂനപക്ഷ വോട്ടുള്ള വയനാട് മണ്ഡലത്തിലായിരുന്നു നേരത്തെ ലീഗിന്റെ കണ്ണ്. എന്നാൽ ഇവിടെ രാഹുൽ ഗാന്ധി കഴിഞ്ഞ തവണ മത്സരിച്ചതോടെ ദേശീയ പ്രാധാന്യം മുൻനിർത്തി വയനാട് സീറ്റിനായി ലീഗ് കടുംപിടിത്തം ഉപേക്ഷിച്ച മട്ടാണ്.
ലീഗിന് ഭൂരിപക്ഷമുള്ള വടകര, പാലക്കാട് മണ്ഡലങ്ങളിൽ കണ്ണും നട്ടാണ് ലീഗ് അധിക സീറ്റെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.
ഇന്ന് ചേരുന്ന ലീഗിന്റെ നേതൃയോഗത്തിൽ ആവശ്യം അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ യുഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കുന്നതിന് തടസമുണ്ടാവില്ല.
അതേസമയം ലീഗ് ആവശ്യപ്പെടുന്ന വടകരയോ, പാലക്കാടോ വിട്ടു നൽകാൻ കോൺ ഗ്രസ് തയാറാകുമോ എന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല.
എന്നാൽ വടകര സീറ്റ് ലീഗിനു നൽകേണ്ടി വന്നാൽ കെ. മുരളീധരനെ കണ്ണൂരിലേക്ക് മാറ്റുമെന്നു സൂചനയുണ്ട്.