തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സീറ്റ് വിഭജനം എങ്ങുമെത്തിയില്ല. മൂന്നാം സീറ്റിൽ അവകാശവാദം ഉന്നയിച്ച് മുസ്ലീംലീഗ് നിലപാട് കടുപ്പിച്ചതാണ് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വെട്ടിലാക്കിയിരിക്കുന്നത്. ലീഗുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയായാൽ മാത്രമെ സ്ഥാനാർഥി നിർണയത്തിലേക്കു കടക്കാൻസാധിക്കുകയുള്ളു.
ലീഗിന്റെ സെക്രട്ടറിയേറ്റ് യോഗത്തിൽ എടുത്ത തീരുമാനം മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കണമെന്നാണ്. അതേ സമയം നിലവിലുള്ള സിറ്റിംഗ് സീറ്റുകൾ ഒന്നും ലീഗിന് വിട്ടുകൊടുക്കുന്നത് കോണ്‍ഗ്രസിന് ക്ഷീണമാകുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.
ജൂണിൽ ഒഴിവ് വരുന്ന രാജ്യസഭ സീറ്റുകളിലൊന്ന് തരപ്പെടുത്താനുള്ള ലീഗിന്റെ തന്ത്രമാണ് മൂന്നാം സീറ്റെന്ന സമ്മർദ്ദമെന്നാണ് യുഡിഎഫ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ നൽകിയിരുന്ന രാജ്യസഭ സീറ്റിൽ ലീഗിനും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും കോണ്‍ഗ്രസിനും നോട്ടമുണ്ട്.
ലീഗിന്റെ കടുംപിടിത്തം സിപിഎമ്മും ബിജെപിയും യുഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും രാഷ്ട്രിയ പ്രചാരണ ആയുധമാക്കുമോയെന്ന ആശങ്കയും കോണ്‍ഗ്രസ് നേതാക്കൾക്കുണ്ട്.
മുൻപ് അഞ്ചാം മന്ത്രി വിവാദം യുഡിഎഫിന്റെ തുടർ വിജയത്തെ ബാധിച്ചെന്ന് വിശ്വസിക്കുന്ന നിരവധി നേതാക്കൾ യുഡിഎഫ് ഘടക കക്ഷിയിലുണ്ട്.