തലശേരി: തലശേരിയിലെ ലീഗ് രാഷ്ട്രീയത്തിൽ വിവാദ കൊടുങ്കാറ്റുയർത്തിയ “നീലച്ചിത്ര’ വിവാദം മറനീക്കി പുറത്തേക്ക്. പാർട്ടിയിലെ പ്രമുഖരായ രണ്ട് നേതാക്കളെ സംസ്ഥാന നേതൃത്വം സസ്പെൻഡ് ചെയ്തതോടെയാണ് നീലച്ചിത്ര വിവാദം പുറം ലോകത്തെത്തിയത്.
മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് എ.കെ. ആബൂട്ടി ഹാജിക്കെതിരെ നടന്ന നവമാധ്യമ പ്രചരണങ്ങളാണ് ലീഗിൽ പൊട്ടിത്തെറിക്ക് വഴി തെളിച്ചത്. തനിക്കെതിരെ വാട്സാപ് ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ നടന്ന പ്രചാരണങ്ങൾക്കെതിരെ എ.കെ. ആബൂട്ടി ഹാജി ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം ഊർജിതമായി നടക്കുന്നതിനിടയിൽ മുൻ മണ്ഡലം നേതാവ് മാപ്പെഴുതി നൽകി തടിയൂരി.
മുൻ നഗരസഭ കൗൺസിലറും മുൻ മണ്ഡലം ട്രഷററുമായ എ.കെ. മുസ്തഫ, യൂത്ത് ലീഗ് മുൻ ജില്ലാ സെക്രട്ടറി പി.നൗഷാദ് എന്നിവരെയാണ് സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇതോടെ മണ്ഡലം പ്രസിഡന്റ് എ.കെ.ആബൂട്ടി ഹാജിക്കെതിരെ ഒരു വിഭാഗം പ്രവർത്തകർ പ്രത്യക്ഷമായി രംഗത്തെത്തി.
വ്യക്തി വിരോധം തീർക്കാനാണ് തങ്ങളെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതെന്ന് എ.കെ. മുസ്തഫയും പി.നൗഷാദും പത്രസമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ നശിപ്പിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമായാണ് നടപടി. ലീഗ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനാധിപത്യരീതിയിൽ അഭിപ്രായം പറഞ്ഞവരെയാണ് പുറത്താക്കിയിരിക്കുന്നതെന്നും ഇവർ പറയുന്നത്.
സോഷ്യല് മീഡിയയിലൂടെ അശ്ലീല സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് ഇരു നേതാക്കളേയും സംസ്ഥാന കമ്മറ്റി സസ്പെൻഡ് ചെയ്തത്. ഇതിനിടയിൽ എ.കെ.അബൂട്ടി ഹാജിയെ അപമാനിക്കുന്ന തരത്തിൽ വാട്സാപ്പിൽ പോസ്റ്റിംഗ് നടത്തിയ സംഭവത്തിൽ മുൻ ലീഗ് നേതാവ് എ.കെ.ഇബ്രാഹിം ആബൂട്ടി ഹാജിയോട് ഖേദപ്രകടനം നടത്തി. എ.കെ. ഇബ്രാഹിമിനെതിരെയാണ് ആബൂട്ടിഹാജി ജില്ലാ പോലീസ് ചീഫിന് പരാതി തൽകിയത്.
ഈ പരാതിയിൽ തലശേരി പോലീസിന്റെ അന്വേഷണം ഊർജിതമായപ്പോഴാണ് ഇബ്രാഹിം രേഖാ മൂലം മാപ്പെഴുതി നൽകിയത്. ഇബ്രാഹിം രേഖ മൂലം ഖേദപ്രകടനം നടത്തിയ സാഹചര്യത്തിൽ ഇബ്രാഹിമിന് എതിരെ നൽകിയ പരാതി പിൻവലിക്കുമെന്ന് ആബൂട്ടി ഹാജി അറിയിച്ചു.