ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് നടത്തിയ പരിപാടിയില്‍ പങ്കെടുത്ത മുസ്ലീം യുവാവിനെ അയല്‍ക്കാര്‍ തല്ലിക്കൊന്നു.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. 25 വയസ്സുള്ള ബാബര്‍ അലിയാണ് അയല്‍വാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.
കുശിനഗര്‍ ജില്ലയില്‍ മാര്‍ച്ച് 20നായിരുന്നു സംഭവം. അയല്‍വാസികള്‍ ബാബര്‍ അലിയെ അടിച്ചുകൊന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയവുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ പങ്കെടുത്തതാണ് പ്രകോപനത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
അയല്‍വാസികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കേ ലക്നൗ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
ബിജെപിയെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബാബറുമായി അയല്‍വാസികള്‍ വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മാര്‍ച്ച് 10ന് ബാബര്‍ മധുരം വിതരണം ചെയ്തിരുന്നു. ബിജെപിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് പറഞ്ഞ് അയല്‍വാസികള്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.