പ്രവാചക നിന്ദയ്ക്കെതിരേ രാജ്യവ്യാപകമായി നടത്തി വരുന്ന പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സമുദായാംഗങ്ങളോട് ആവശ്യപ്പെട്ട് പ്രമുഖ മുസ്ലിം സംഘടനകളുടെ നേതാക്കള്‍.
വന്‍ ജനാവലിയെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്നുള്ള സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതായാണു വിവരം.
പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്നു ഝാര്‍ഖണ്ഡില്‍ രണ്ടു പേര് പോലീസിന്റെ വെടിയേറ്റ് മരിക്കുകയും അനവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.
ഇസ്ലാമിനെ നിന്ദിക്കുന്നവര്ക്കെതിരേ ഒരുമിച്ചു നില്‍ക്കേണ്ടത് ഓരോ മുസ്ലീമിന്റെയും കടമയാണ്. അതേസമയം, സമാധാനം നിലനിര്‍ത്തുക എന്നതും വളരെ പ്രധാനമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ജമായത്ത് -ഇ-ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ മുതിര്‍ന്ന അംഗം മാലിക് അസ്ലാം പറഞ്ഞു.
ബി.ജെ.പി. നേതാക്കളായ നൂപുര്‍ ശര്‍മ്മയും നവീന്‍ ജിന്‍ഡാലും പ്രവാചകന് മുഹമ്മദ് നബിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടന്നു വരുന്നത്.
ഇതുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളില്‍നിന്നായി നാനൂറോളം പേര് അറസ്റ്റിലായിട്ടുണ്ട്. പലയിടങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചില മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ പ്രക്ഷോഭത്തിനു നേതൃത്വം നല്കിയവരുടെതടക്കം വീടുകള്‍ പൊളിച്ചു നീക്കി. പൊതുസ്ഥലത്ത് അനധികൃതമായി പണിത വീടാണെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും പ്രതികാര നടപടിയെന്നാണ്സമരാനുകൂലികള് ഇതിനെ കാണുന്നത്.
ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി മാറാതിരിക്കാനാണ് സമരം നിര്‍ത്തിവയ്ക്കാനുള്ള പുതിയ നിര്‍ദേശമെന്നു കരുതപ്പെടുന്നു.
അതിനിടെ, വ്യാപകമായി അക്രമസംഭവങ്ങള്‍ ഉണ്ടായ പശ്ചിമബംഗാളില്‍ കനത്ത ജാഗ്രത തുടരുകയാണ്. പലയിടത്തും യാത്രാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ഇന്റര്‍നെറ്റ് വിലക്കും നീക്കിയിട്ടില്ല. കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം 200 ലധികം പേര് അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
പ്രവാചകനിന്ദാ വിവാദവുമായി ബന്ധപ്പെട്ട് ബി.ജെ.പി. മുന്‍വക്താവ് നൂപുര്‍ ശര്‍മയ്ക്ക് കൊല്‍ക്കത്താ പോലീസ് നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് നര്ക്കേല്ദംഗ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഇന്ത്യയുമായി വ്യാപാരബന്ധമുള്ള ഖത്തര്‍, സൗദി അറേബ്യ, യു.എ.ഇ, ഒമാന്‍, ഇറാന് തുടങ്ങിയ രാജ്യങ്ങള്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.