തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ഭാഗികമായി മാത്രം അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
നേരത്തേ സർക്കാരിന് അനുകൂലമായ സതീശന്റെ പ്രസ്താവനയ്ക്കെതിരേ മുസ്ലിം ലീഗ് പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തിയത്.
സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയ്ക്കില്ല എന്നാണ് താൻ പറഞ്ഞത്. തന്റെ അഭിപ്രായം മനസിലാക്കാതെയാണ് ലീഗിന്റെ പ്രതികരണം.
സ്കോളര്‍ഷിപ്പ് അനുപാതം പുന:ക്രമീകരണത്തിൽ മുസ്ലിം സമുദായത്തിന് എക്സിക്ലൂസിവായി ഉണ്ടായിരുന്ന ഒരു സ്കീമാണ് ഇല്ലാതായത്. അതിനാൽ അവര്‍ക്ക് നഷ്ടമുണ്ടായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
ലീഗിന്റെ ആവശ്യം സർക്കാർ പരിഗണിക്കണം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പിൽ മുസ്ലിം ലീഗ് പറഞ്ഞ അഭിപ്രായം യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും സതീശൻ വ്യക്തമാക്കി.
നേരത്തേ, സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി ലീഗ് നേതാക്കള്‍ പ്രതിപക്ഷനേതാവിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
മുസ്ലിം സമുദായത്തിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും നിലവില്‍ സ്കോളര്‍ഷിപ്പ് കിട്ടുന്ന ഒരു സമുദായത്തിനും നഷ്ടമില്ലെന്നുമാണ് സതീശൻ നേരത്തേ വ്യക്തമാക്കിയത്.
നിലവിലുള്ള സ്കോളർഷിപ്പ് കുറയ്ക്കാത്തതിനെയും മറ്റ് സമുദായത്തിന് കൂടി ആനുപാതികമായി സ്കോളര്‍ഷിപ്പ് കൊടുക്കാനുള്ള സർക്കാർ തീരുമാനത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.