ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ വിവാഹം കഴിച്ച മുസ്ലിം യുവതിയെ ക്രൂരമായി ആക്രമിച്ച് ബന്ധുക്കള്‍. 20കാരിയെ ബന്ധുക്കള്‍ മര്‍ദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തതായാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബാരബങ്കിയിലാണ് സംഭവം. ജൂണ്‍ 19ന് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. തിങ്കളാഴ്ച അമ്മാവന് വീട്ടിലേക്ക് വിളിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
അമ്മാവനും ബന്ധുക്കളും ചേര്‍ന്ന് ചെരുപ്പുകള്‍ ഉപയോഗിച്ചാണ് അടിച്ചത്. തുടക്കത്തില്‍ തന്റെ മുടി മുറിച്ചു. തുടര്‍ന്ന് തലമുണ്ഡനം ചെയ്തായും യുവതിയുടെ പരാതിയില്‍ പറയുന്നു.
വീട്ടുതടങ്കലിലാക്കിയ ശേഷം കൊല്ലുമെന്ന് ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 20കാരിക്ക് നേരത്തെ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടിരുന്നു.
സഹോദരങ്ങളും ഇല്ല. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ മൂന്ന് സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഇതില്‍ മൂന്ന് പേരുടെ അറസ്റ്റാണ് ചൊവ്വാഴ്ച പൊലീസ് രേഖപ്പെടുത്തിയത്. യുവതിയുടെ രണ്ടു അമ്മാവന്മാരെയും ഒരു ബന്ധുവിനെയുമാണ് അറസ്റ്റ് ചെയ്തത്.
മറ്റു അഞ്ചുപേര്‍ ഒളിവിലാണ്. മനഃപൂര്‍വ്വം ഉപദ്രവിച്ചു എന്നത് അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. ദമ്പതികള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.