കോഴിക്കോട്: സ്ഥാനാര്‍ഥി പട്ടികയെചൊല്ലി കോഴിക്കോട് മുസ്ലിം ലീഗില്‍ വ്യാപക പ്രതിഷേധം. കൊടുവള്ളി സ്ഥാനാര്‍ഥി എം.കെ.മുനീറിനെതിരേയും കോഴിക്കോട് സൗത്ത് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരേയുമാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രാദേശിക നേതാക്കളെ സ്ഥാനാര്‍ഥിയായി മതിയെന്ന് കൊടുവള്ളിയിലെ മണ്ഡലം ഭാരവാഹികള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു.എന്നാല്‍ പാര്‍ട്ടി ഇത് അംഗീകരിക്കാന്‍ തയാറായില്ല. എം.എ. റസാഖിനെയും വി.എം. ഉമ്മറിനേയും തഴഞ്ഞ് മുനീറിന് കൊടുവള്ളി നല്കി.
ഇതോടെ പ്രതിഷേധം പരസ്യമാക്കി പ്രവര്‍ത്തകര്‍ രംഗത്തെത്തി. എം.കെ. മുനീറിന്റെ വീടിനുമുന്നിൽ രാത്രിയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.കൊടുവള്ളിയിലേക്ക് ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന് പറഞ്ഞ് മണ്ഡലത്തിലെ ലീഗ് പ്രവർത്തകരിൽ ചിലരാണ് മുനീറിന്റെ നടക്കാവിലെ വീടിനുമുന്നിലെത്തി പ്രതിഷേധിച്ചത്.
അതേ സമയം മണ്ഡലത്തിലെ ചില പ്രവർത്തകരെത്തി മുനീറിന് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എം.കെ. മുനീറിനെ സ്ഥാനാര്‍ഥിയായി പ്രതീക്ഷിച്ചിരുന്ന കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദിനെതിരെയും പ്രതിഷേധം ശക്തമാണ്. ലീഗിന്റെ സൗത്ത് മണ്ഡലം ഭാരവാഹികള്‍ നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടില്ല.
ഇന്ന് ചേരുന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ പ്രതിഷേധമറിയിക്കാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം.ലീഗിന്റെ തീരദേശ ജാഥയിൽ അണിനിരന്നവരിലെ ചിലരടക്കം സ്ഥാനാർഥി നൂർബീനയാണെന്നറിഞ്ഞതോടെ പിൻവാങ്ങുകയും ചെയ്തതായാണ് വിവരം.
സ്ഥാനാർഥിക്കെതിരായ പ്രതിഷേധം പാണക്കാട് അറിയിക്കാൻ മണ്ഡലം കമ്മിറ്റിയിലെ ചിലർ ശ്രമിച്ചെങ്കിലും ഇവിടേക്ക് ആരും വരേണ്ടെന്ന് അറിയിച്ചതോടെ കൂരിയാൽ ലൈനിൽ യോഗം ചേരാനാണ് ഒരുവിഭാഗം തീരുമാനിച്ചത്. വനിത സ്ഥാനാർഥിയായതുകൊണ്ടല്ല പ്രതിഷേധം എന്നാണ് വിവരം.