കളമശേരി: സിറ്റിംഗ് എംഎൽഎയും മുൻ മന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിന്റെ മകന് കളമശേരി മണ്ഡലത്തിൽ സീറ്റ് നൽകിയതിനെതിരെയുള്ള തർക്കം മുസ്ലീം ലീഗിൽ രൂക്ഷമാകുന്നു.
മുസ്ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഇന്ന് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ കാണും.
ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ആവശ്യവുമായി മലപ്പുറത്ത് എത്തിയിരിക്കുന്നത്.
ഇന്നലെ കളമശേരിയിൽ നടത്തിയ യോഗത്തിന് ശേഷമാണ് ഭാരവാഹികൾ മലപ്പുറത്ത് എത്തിയത്. പകരം മങ്കട സിറ്റിംഗ് എംഎൽഎയും കളമശേരി സ്വദേശിയുമായ അഹമ്മദ് കബീറിനെ നിർദ്ദേശിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം.
18 അംഗ ജില്ലാ കമ്മിറ്റിയിലെ 12 പേരും വിമതയോഗത്തില്‍ പങ്കെടുത്തു. യൂത്ത് ലീഗും എംഎസ്എഫും അടക്കം പോഷക സംഘടനകളിലെ 500 ഓളം പേർ പങ്കെടുത്തു.
ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ. അബ്ദുള്‍ ഗഫൂറിനെ മാറ്റിയില്ലെങ്കില്‍ തോല്പ്പിക്കാനായി പ്രചാരണം നടത്തുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കി.
പാണക്കാട്ട് തങ്ങളുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയ ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഇവര്‍ അറിയിച്ചു.
അതിനിടയിൽ കളമശേരിയില്‍ മത്സരിക്കാന്‍ തയാറാണെന്ന് ലീഗ് നേതാവ് അഹമ്മദ് കബീര്‍ പറഞ്ഞു.