കോഴിക്കോട്: മൂന്നാം ലോക്സഭാ സീറ്റായി മുസ് ലിം ലീഗ് കണ്ണൂർ നോട്ടമിടുമെന്നതായി വിവരം. ഇന്നലെ കോഴിക്കോട് ചേര്‍ന്ന മുസ് ലിം ലീഗ് നേതൃയോഗത്തില്‍ അനൗദ്യോഗികമായി ഇക്കാര്യം ചര്‍ച്ചചെയ്തെന്നാണ് അറിയുന്നത്. നിലവിലുള്ള രണ്ട് ലോക്സഭാസീറ്റുകള്ക്കു പുറമേ മൂന്നാമതൊരു സീറ്റ് കൂടി മലബാറില്‍ വേണമെന്ന ആവശ്യം ലീഗ് ഉന്നയിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ യുഡിഎഫ് നേതൃത്വത്തില്‍ നടക്കുന്ന അവസാനവട്ട ചര്‍ച്ചകള്‍ക്കിടയില്‍ ഇത് സമവായത്തിന്റെ പേരില്‍ ഒഴിവാക്കപ്പെടാറാണ് പതിവ്. എന്നാല്‍ അന്ന് ചര്‍ച്ചകള്‍ക്ക് മുന്കൈഎടുക്കാറുള്ളത് ഉമ്മന്‍ചാണ്ടിയും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം.മാണിയുമൊക്കെയായിരുന്നു. ലീഗ് നേതൃത്വവുമായി വളരെ അധികം അടുപ്പമുണ്ടായിരുന്നവരായിരുന്നു ഇവര്‍.
എന്നാല്‍ ഇപ്പോഴത്തെ നേതൃത്വത്തില്‍ രമേശ് ചെന്നിത്തലയൊഴിച്ച് മറ്റാരുമായും ലീഗ് അത്രസ്വരചേര്ച്ചയിലല്ല. അതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ സമ്മര്‍ദ്ദം ലീഗിന്റെ ഭാഗത്തുനിന്നു മൂന്നാം സീറ്റിന്വേണ്ടി ഉണ്ടാകുമെന്നുറപ്പാണ്.അതേസമയം യുഡിഎഫിലെ സീറ്റ് ചർച്ചകള്‍ വരും മുമ്പേ അവകാശവാദങ്ങൾക്ക് തടയിടുകയാണ് കോൺഗ്രസ്. മലപ്പുറവും പൊന്നാനിയും കഴിഞ്ഞാൽ കോൺഗ്രസിന്റെ കൈയിലിരിക്കുന്നത് വാങ്ങിയെടുക്കണമെന്നതാണ് വെല്ലുവിളി.
രാഹുൽ ഗാന്ധി മത്സരിക്കുകയാണെങ്കിൽ വയനാട് ചോദിക്കാനില്ല. കാസർകോട്, വടകര ,കോഴിക്കോട്, കണ്ണൂർ, മണ്ഡലങ്ങളാണ് പിന്നെയുള്ളത്. കണ്ണൂരിലാണ് ലീഗിന്റെ കണ്ണെന്നാണ് റിപ്പോർട്ടുകൾ.കണ്ണൂർ നഗരത്തിലും അഴീക്കോടും ഇരിക്കൂറുമുളള സ്വാധീനമാണ് ലീഗ് അവകാശവാദമുന്നയിക്കാനുള്ള കാരണം.