കോഴിക്കോട്: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗിനു ലഭിച്ച സീറ്റിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ പാർട്ടിയിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു. സ്ഥാനാർഥിത്വത്തിലേക്കു യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യത്തിനാണ് പാർട്ടിയിൽ പിന്തുണയേറുന്നത്.
സ്ഥാനാർഥി ആരെന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും. താൻ രാജ്യസഭയിലേക്ക് ഇല്ലെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തോടെ രാജ്യസഭയിലേക്ക് ആരെന്ന ചോദ്യം ലീഗിൽ ചൂടുപിടിക്കുകയാണ്. നിരവധി പേരുകളാണ് രാജ്യസഭാ സീറ്റിലേക്കായി പറഞ്ഞുകേൾക്കുന്നത്.
പി.എം.എ. സലാമിന്റെ പേര് ഉയർന്നുകേട്ടെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. സലാം മത്സരിക്കുകയാണെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കണ്ണുംനട്ട് കാത്തിരിക്കുന്ന പലരുമുണ്ട്. എന്നാൽ, ആ അധികാര കൈമാറ്റം ലീഗിലെ മുതിർന്ന പല നേതാക്കൾക്കും താത്പര്യമില്ല.
യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ്, ദേശീയ ജന. സെക്രട്ടറി ഫൈസൽ ബാബു, ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരുടെ പേരുകളാണ് എംപി സീറ്റിലേക്കു സജീവമായി ഉയരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ സീറ്റ് ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തു വന്നിരുന്നെങ്കിലും യൂത്ത് ലീഗിന് അവസരം ലഭിച്ചില്ല. എന്നാൽ രാജ്യസഭയെങ്കിലും നൽകണമെന്ന കടുത്ത നിലപാടിലാണ് യൂത്ത് ലീഗ്.
യുവ പ്രാതിനിധ്യമെന്ന ആവശ്യത്തോട് ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾക്കും അനുകൂല നിലപാടാണ്. അങ്ങനെയെങ്കിൽ രാജ്യസഭയിലേക്ക് ഫിറോസിനും ഫൈസൽ ബാബുവിനും സാധ്യതയേറും. ഒരു പുതുമുഖ പരീക്ഷണത്തിന് ലീഗ് ഒരുങ്ങുമെന്നു തന്നെയാണ് പൊതുവേയുളള വിലയിരുത്തൽ.
ആ പ്രതീക്ഷയിലാണ് യൂത്ത് ലീഗും. യുഡിഎഫില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എത്തണമെന്ന് ലീഗില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്കെത്തുമെന്ന അഭ്യൂഹങ്ങളും സജീവമായി. ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയ കുഞ്ഞാലിക്കുട്ടി രാജ്യസഭിലേക്കു മത്സരിക്കാന്‍ താനില്ലെന്നു വ്യക്തമാക്കുകയായിരുന്നു.