മുക്കം: മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിൽ മനുഷ്യർ തമ്മിൽ അകലുകയും കൊലവിളിക്കുകയും ഈ കാലഘട്ടത്തിൽ മതസൗഹാർദത്തിന്റെ പുത്തൻ മാതൃകയാവുകയാണ് മുരളിയും മൂസ മുസ്ലിയാരും. പൗരപ്രമുഖനും പണ്ഡിതനും കണിയാർ കണ്ടം ജുമുഅത്ത് പള്ളി വൈസ് പ്രസിന്റുമായ കണിയാർ കണ്ടം പാലക്കൽ പി. മൂസ മുസ്ലിയാർക്ക് പ്രമേഹ രോഗം ബാധിച്ച് വർഷങ്ങൾക്ക് മുന്പ് രണ്ട് കണ്ണിന്റെയും കാഴ്ച്ച നഷ്ടപ്പെട്ടതാണ്.
പരസഹായം കൂടാതെ നടക്കാനോ ആളുകളെ തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയാണുള്ളത്. പക്ഷേ അഞ്ചുനേരവും നമസ്കാരത്തിനും പള്ളിയിൽ എത്തണമെന്നത് മൂസ മുസ്ലിയാർക്ക് നിർബന്ധവുമാണ്. മൂസ മുസ്ലിയാരെ എല്ലാ ദിവസവും കൈപിടിച്ച് പള്ളിയിലേക്ക് കൊണ്ടു പോകുന്നതും തിരിച്ച് വീട്ടിലെത്തിക്കുന്നതുമാവട്ടെ ഹൈന്ദവ സഹോദരനായ കൊയിലാട്ട് മുരളിയാണ്. ഇത് കണിയാർ കണ്ടം അങ്ങാടിയിലെ നിത്യ കാഴ്ചയാണ്. കണിയാർകണ്ടം അങ്ങാടിയിലെ ഒരു പീടി മുറിയിൽ ബെഡ് നിർമാണവുമായി കഴിയുന്ന മുരളി ഇത് വലിയ ഒരു പുണ്യകർമ്മമായാണ് കാണുന്നത്.
കണിയാർ കണ്ടം ജുമുഅത്ത് പള്ളിയിൽ നിന്നും ബാങ്ക് വിളി ഉയർന്നാൽ മുരളി ഉടനെ മൂസ മുസ്ലിയാരുടെ ഗേറ്റിലെത്തും. അതുകൊണ്ടുതന്നെ കണ്ണിന് കാഴ്ച നഷ്ട്ടപ്പെട്ടതുമുതൽ പള്ളിയിൽ പോകാനും തിരിച്ചുവരാനും മൂസ മുസ്ലിയാർക്ക് മറ്റൊരാളെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. മറ്റാരെങ്കിലും മൂസ മുസ്ലിയാരെ പള്ളിയിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്നതിനോടും മുരളിക്ക് താത്പര്യമില്ല.
അത് തന്റെ ഒരു അവകാശമായിട്ടാണ് മുരളി കാണുന്നത്. മുരളി എവിടേക്കെങ്കിലും പോവുകയാണെങ്കിൽ ബാങ്കുവിളിയുടെ സമയമാകുന്പോഴേക്കും മൂസ മുസ്ലിയാരെ പള്ളിയിലെത്തിക്കാനായി ഓടിക്കിതച്ചെത്തും. ഇനി അത്യാവശ്യത്തിന് കട പൂട്ടേണ്ടിവന്നാൽ മുസ്ലിയാരോട് മുൻകൂട്ടി പറഞ്ഞതിന് ശേഷമേ മുരളി അവധിയെടുക്കാറുള്ളൂ. തന്റെ കാരണത്താൽ ഒരു നമസ്കാരത്തിന് പോലും മൂസ മുസ്ലിയാർക്ക് പള്ളിയിലെത്താതിരിക്കരുതെന്ന് മുരളിക്കും നിർബന്ധമുണ്ട്.