തളിപ്പറമ്പ്: ഭാഗ്യചിഹ്നമായ നീല ടീഷര്‍ട്ട് ഒടുവിൽ ചതിച്ചു. വയോധികരെയും സ്ത്രീകളെയും കബളിപ്പിച്ച് കണ്ണൂര്‍ പോലീസിനെ വട്ടംകറക്കിയ നീല ടീഷര്ട്ടുകാരന് കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് മുസ്തഫ (45) അറസ്റ്റിൽ.
സഹായവാഗ്ദാനങ്ങൾ നൽകി വയോധികരെയും സ്ത്രീകളെയും കബളിപ്പിച്ച് മുങ്ങിനടക്കുകയായിരുന്ന ഇയാളെ കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘവും ഷാഡോ പോലീസും ചേർന്ന് ഉപ്പളയിലെ ഒളിത്താവളത്തില്‍ വച്ച് കാസര്‍ഗോഡ് പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.
മാസങ്ങളായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ ലോഡ്ജുകളില്‍ താമസിച്ച് ഇരകളെ നിരീക്ഷിച്ച് വാക്സാമര്ത്ഥ്യം കൊണ്ട് തട്ടിപ്പിനിരയാക്കി മുങ്ങിനടക്കുകയായിരുന്നു മുസ്തഫ.
നീല ടീഷര്ട്ടുധരിച്ച് മോഷണത്തിനിറങ്ങുന്ന മുസ്തഫയെ പിടികൂടാന്‍ തളിപ്പറമ്പ് പോലീസ് സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകള്‍ പ്രചരിപ്പിച്ചിരുന്നു. വിരമിച്ച ഒരുഎസ്ഐ തന്നെയാണ് ഇയാളെ തിരിച്ചറിഞ്ഞത്. 2008 ല്‍ സമാനമായ കേസില്‍ കണ്ണൂര്‍ ടൗണില്‍ അറസ്റ്റിലായ മുസ്തഫയെക്കുറിച്ച് അന്ന് എസ്ഐയായിരുന്ന അദ്ദേഹം തളിപ്പറമ്പ് പോലീസിന് വിവരം കൈമാറി.
ഭാഗ്യചിഹ്നമായി കരുതി എല്ലാ മോഷണങ്ങളിലും ധരിച്ചിരുന്ന നീല ടീഷര്‍ട്ട് തന്നെ ഒടുവിൽ ഇയാളെ കുടുക്കി. വാര്‍ത്തകളും ട്രോളുകളും പ്രചരിച്ചതോടെ ക്ലീന്‍ ഷേവ് ചെയ്ത് കണ്ണട ധരിച്ച് രൂപം മാറിയാണ് മുസ്തഫ നാട്ടിലൂടെ നടന്നത്.
ചോദ്യം ചെയ്യലില്‍ കണ്ണൂര്‍, തലശേരി, തളിപ്പറമ്പ് , പഴയങ്ങാടി, പയ്യന്നൂര്‍ സ്റ്റേഷനുകളിലായി വിവിധ മോഷണങ്ങള്‍ നടത്തിയതായി ഇയാള്‍ സമ്മതിച്ചു. പ്രായമായ സ്ത്രീകളോട് പരിചയം നടിച്ച് ആഭരണവും പണവും തന്ത്രപൂര്‍വം തട്ടിയെടുക്കുന്നതാണ് മോഷണ രീതി. കൈക്കലാക്കുന്ന സ്വര്‍ണം കടകളില്‍ വിറ്റ് പണം വാങ്ങും.
ഇതിന് മുന്‍പ് സമാനമായ കേസുകളിലും മുക്കുപണ്ട തട്ടിപ്പിലും മംഗളൂരുവിലടക്കം ഇയാള്‍ പിടിയിലായിരുന്നു. തളിപ്പറമ്പ് പോലീസ് ഇന്നലെ ഇയാള്‍ സ്വര്ണ്ണംവിറ്റ വിവിധ ജ്വല്ലറികളിലും കബളിപ്പിക്കപ്പെട്ട ആളുകളുടെ സമീപത്തും തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു.
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ മകളുടെ പ്രസവശുശ്രൂഷക്ക് എത്തിയ മാത്തില്‍ വടശേരിയിലെ അബ്ദുള്ളയുടെ ഭാര്യ ഷെറീഫ(54)യില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസം വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് ഒന്നരപവന്‍ സ്വര്‍ണമാലയും എസ്ബിടിയില്‍ മകള്‍ക്ക് ഉയര്‍ന്ന ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് തൃക്കരിപ്പൂര്‍ തങ്കയത്തെ റിട്ട.അധ്യാപിക മടിക്കുന്നുമ്മല് ലീലക്കുട്ടിയുടെ കൈല്‍ നിന്ന് നാലരപവന്‍ സ്വര്‍ണമാലയും പെന്ഷന് തുക വര്‍ധിപ്പിച്ചു കിട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞ് പയ്യന്നൂര്‍ കൊക്കാനിശേരി മടത്തുംപടിയിലെ പത്മനാഭന് നായരുടെ(84)കൈയില്‍ നിന്ന് പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തുവച്ച് 10,000 രൂപയും ഇയാള്‍ കവര്‍ന്നിരുന്നു.
തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം വച്ച് പട്ടുവം അരിയിലെ ചേരക്കണ്ടി യശോദ എന്ന എണ്‍പതുകാരിയെ ധനസഹായം വാങ്ങിത്തരാമെന്ന് തെറ്റിധരിപ്പിച്ച് ഒന്നേകാല്‍ പവന് സ്വര്‍ണമാല വാങ്ങിയതിന് ശേഷം ഓട്ടോയില്‍ കയറ്റി തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിന് സമീപം ഇറക്കിവിടുകയായിരുന്നു.
ഏപ്രില്‍ 26 ന് രാവിലെ ഒന്‍പതിന് ഏഴോം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്ക്കെത്തിയ ചെങ്ങലിലെ പോള നാരായണിയുടെ രണ്ടരപവന്‍ സ്വര്‍ണമാലയും ഇയാള്‍ കൈക്കലാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതില്‍ മിടുക്കനായ ഇയാള്‍ നൂറുകണക്കിനാളുകളെ കബളിപ്പിച്ചതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതീവ രഹസ്യമായാണ് ഇയാളെ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.