ലണ്ടൻ എയർ ആംബുലൻസും കാസർകോടും തമ്മിലെന്തു ബന്ധം എന്നു ചോദിച്ചാൽ അതൊരു കഥയാണ്. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ എട്ടുവയസുകാരനാണ് കാസർകോടിനെയും ലണ്ടൻ എയർ ആംബുലൻസിനേയും കൂട്ടിയിണക്കുന്നത്.
തൃക്കരിപ്പൂർ സ്വദേശി മുജീബ് റഹ്മാൻ – യാസ്്മിൻ ദന്പതികളുടെ മകനായ എട്ടുവയസുകാരൻ മുഹമ്മദ് മുസ്തഫ തന്റെ പിറന്നാൾ ആഘോഷത്തിനു കിട്ടിയ പോക്കറ്റ് മണിയും ബർത്ത്ഡേ വാലറ്റുമെല്ലാം ലണ്ടൻ എയർ ആംബുലൻസ് സർവീസിന് സംഭാവനയായി നൽകി. മിഠായിയും കേയ്ക്കും ജ്യൂസും കളിപ്പാട്ടങ്ങളുമെല്ലാം വാങ്ങി പിറന്നാൾ ആഘോഷിക്കുന്നതിന് പകരം നല്ലൊരു കാര്യത്തിനായാണ് മുഹമ്മദ് മുസ്തഫ തന്റെ കൊച്ചുസന്പാദ്യം ലണ്ടൻ എയർ ആംബുലൻസിന് നൽകിയത്.
മലയാളി ബാലന്റെ മഹാമനസ്കത കണ്ട് അത്ഭുതപ്പെട്ട ലണ്ടൻ എയർ ആംബുലൻസ് അധികൃതർ മുസ്തഫയേയും സഹോദരൻമാരേയും തങ്ങളുടെ ഹെലിപാഡിലേക്ക് വിളിച്ചു വരുത്തി. തുടർന്ന് എയർ ആംബുലൻസിൽ കയറ്റി അതിലെ സൗകര്യങ്ങളും മറ്റും ഇവർക്ക് പരിചയപ്പെടുത്തി.
ഈ ചിത്രങ്ങൾ ലണ്ടൻ എയർ ആംബുലൻസ് സർവീസിന്റെ ട്വിറ്റർ ഹാൻഡിലിലും ഫെയ്സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കുകയും ചെയ്തു. മുസ്തഫയെ നല്ല പോലെ അഭിനന്ദിച്ചുകൊണ്ടാണ് പോസ്റ്റ്. മുസ്തഫ കാണിച്ച കരുണയിൽ നന്ദിയുണ്ടെന്നും അവർ രേഖപ്പെടുത്തുന്നു.
നമുക്കും നന്ദി പറയാം..മുസ്തഫയോട്…മലയാളികളുടെ അഭിമാനമായി മാറിയതിന്…ആ നല്ല കൊച്ചുമനസിന്…