തളിപ്പറമ്പ്: വിവാഹസദ്യയക്കുള്ള തുക ദുരിതാശ്വാസ നിധിയിലേക്കു നൽകി യുവാവ് മാതൃകയായി. പരിയാരം ചിതപ്പിലെപൊയിലിൽ മുസ്തഫയാണ് മൂവായിരം പേരുടെ വിവാഹസദ്യയും ആഘോഷവും ബന്ധുക്കളായ ഇരുന്നൂറുപേര്ക്കുള്ള ചായയിലും ബിസ്ക്കറ്റിലും ഒതുക്കി വിവാഹ ചെലവിന് കരുതിവെച്ച തുക ദുരിതബാധിതര്‍ക്ക് നൽകിയത്.
പയ്യന്നൂര്‍ തായിനേരി എസ്എബിടിഎം ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകന് എം.പി.മുസ്തഫയാണ് വിവാഹത്തിന്റെ ആര്‍ഭാട ലോകത്ത് പുതിയ തലമുറക്ക് വഴികാട്ടിയായത്. സെപ്റ്റംബർ 16 നാണ് മുസ്തഫയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
അരിപ്പാമ്പ്ര സ്വദേശിയുമായി വിവാഹം നിശ്ചയിക്കുമ്പോള്‍ തന്നെ മകന്റെ വിവാഹം ആഘോഷമായി നടത്തണമെന്ന് പിതാവ് കെ.പി.മുഹമ്മദ്കുഞ്ഞിയും മാതാവ് ഖദീജയും തീരുമാനിച്ചിരുന്നു. അതിനുവേണ്ട ആസൂത്രണവും നടന്നുവരികയായിരുന്നു.
എന്നാല്‍ കഴിഞ്ഞയാഴ്ച്ചയുണ്ടായ കേരളം ഇതുവരെ കാണാത്ത കാലവര്‍ഷക്കെടുതി ദൃശ്യമാധ്യമങ്ങളില്‍ കണ്ടതോടെയാണ് കുടുംബം ഒന്നാകെ ചേര്‍ന്ന് വിവാഹം ലളിതമായ ചടങ്ങാക്കാന്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ എല്ലാ ആഘോഷവും ഒഴിവാക്കാനും 3000 പേര്‍ക്ക് നിശ്ചയിച്ച വിഭവസമൃദ്ധമായ സദ്യ കുടുംബക്കാരും അയല്‍ക്കാരും അടങ്ങുന്ന വെറും 200 പേര്‍ക്കുള്ള ചായസല്‍ക്കാരം മാത്രമാക്കാനും തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിനായി കരുതിവെച്ച തുകയ്ക്കുള്ള ചെക്ക് മുസ്തഫ പിതാവ് മുഹമ്മദ് കുഞ്ഞിയുടേയും സഹോദരി ഭര്‍ത്താവ് അബ്ദുള്‍ സലാമിന്റെയും സാന്നിധ്യത്തിൽ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിക്ക് ഇന്നലെ കണ്ണൂരില്‍ വച്ചു കൈമാറി. മുസ്തഫയുടെ തീരുമാനത്തെ അഭിനന്ദിച്ച കളക്ടര്‍ പുതിയ തലമുറ മുസ്തഫയെ മാതൃകയാക്കണമെന്ന് ആശംസിക്കാനും മറന്നില്ല.