മുക്കം: കത്തുന്ന വെയിലിലും പൊള്ളുന്ന ചൂടിലും ഹരിതാഭ നിലനിർത്തുന്ന ഒരു പച്ചത്തുരുത്താണ് മുക്കം ടൗണിനു നടുവിലെ നാഫിയ മുസ്തഫയുടെ വീടിന്റെ ടെറസ്സ്. അസഹ്യമായ ചൂടിലും ഈ മട്ടുപ്പാവിലെ പച്ചപ്പു കണ്ടാൽ വീട്ടുകാരുടെ മാത്രമല്ല സന്ദർശകരുടെയും മനം കുളിർക്കും. വേനൽ കനക്കുകയും കുടിവെള്ളത്തിനു പോലും ക്ഷാമം നേരിടുകയും ചെയ്യുന്ന ഇക്കാലത്തും മുസ്തഫയും ഭാര്യയും രണ്ടുനേരവും നട്ടുനനച്ച് തങ്ങളുടെ കുഞ്ഞുങ്ങളെപോലെ പരിപാലിച്ചു വളർത്തുന്നത് വിവിധ തരം പച്ചക്കറികളാണ്.
ചീര, വെണ്ട, കൈപ്പ, തക്കാളി, പീച്ചിങ്ങ, വിവിധതരം പച്ചമുളക്, പൊതീന എന്നിവ കൊണ്ടെല്ലാം സമൃദ്ധമാണ് ഈ ഇരുനില വീടിന്റെ മട്ടുപ്പാവ്. മുക്കം ടൗണിൽ കച്ചവടക്കാരനായ മുസ്തഫ ശരീരത്തിന് ഒരു വ്യായാമം എന്ന നിലയിലാണ് നാലുവർഷം മുൻപ് ടെറസിന് മുകളിലെ കൃഷി ആരംഭിച്ചത്.
ജൈവകാർഷിക രീതിയാണ് ഇവർ അവലംബിക്കുന്നത്. കുമ്മായവും എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും മണലും എല്ലാം ചേർത്ത് മണ്ണ് ഒരുക്കി മൂന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇത് ഗ്രോബാഗ് ലേക്ക് മാറ്റി പച്ചക്കറി തൈകൾ നടുന്നത്.
എല്ലാവർഷവും നല്ല വിളവ് ലഭിക്കാറുണ്ടെങ്കിലും കഴിഞ്ഞവർഷം കീടങ്ങളുടെ ആക്രമണം മൂലം കൃഷിയിൽ നിന്നും വിളവുകൾ ഒന്നും ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കഴിഞ്ഞതവണ ഇഞ്ചിയും മഞ്ഞളും മാത്രമാണ് കൃഷി ചെയ്തത്. അതിനുശേഷം ഇത്തവണ അതേ ബാഗുകളിൽ പച്ചക്കറികൾ നടുകയായിരുന്നു. 150ഓളം ബാഗുകളിൽ ആണ് ഇപ്പോൾ കൃഷിയുള്ളത്.
മുക്കം ടൗണിനോട് ചേർന്ന് ആറ് സെന്റ് പുരയിടത്തിൽ കൃഷി ചെയ്യാൻ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കൃഷി വീടിന് മുകളിലേക്ക് മാറ്റിയത്. രണ്ടുനേരവും നനയ്ക്കുന്നതും മറ്റ് പരിപാലനങ്ങളും എല്ലാം മുസ്തഫ തന്നെയാണെങ്കിലും എല്ലാത്തിനും പിന്തുണയുമായി ഭാര്യ ലൈലാബിയും കൂടെയുണ്ട്. വിളവുകൾ എല്ലാം വീട്ടിലെ ആവശ്യത്തിനും പിന്നെ ബന്ധുക്കൾക്കും അയൽവാസികൾക്കും സുഹൃത്തുക്കൾക്കും ഒക്കെ നൽകാറാണ് പതിവ്.