കൂരാച്ചുണ്ട്: പ്രകൃതി മനോഹാരിതയാൽ സംപുഷ്ടമായതും സമുദ്രനിരപ്പിൽ നിന്നും 2000 അടിക്ക് മീതെ ഉയർന്നു നിൽക്കുന്നതുമായ മുത്താച്ചിപ്പാറ വിനോദ സഞ്ചാര കേന്ദ്രമാക്കാൻ കായണ്ണ ഗ്രാമ പഞ്ചായത്ത് നടപടികൾ ആരംഭിച്ചു.
ആറാം വാർഡിൽപ്പെട്ടതും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിനോട് ചേർന്ന് കിടക്കുന്നതും വനംവകുപ്പിന്റെ അധീനതയിലുള്ള ഏക്കറുകളോളം നിരന്ന് വിസ്തൃതമായി ഉയർന്നു കിടക്കുന്ന ഈ പ്രദേശത്ത് കാലങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിനോദ സഞ്ചാരികളാണ് സന്ദർശനം നടത്തിവരുന്നത്.
സന്ദർശകരെ ഏറെ കൗതുകമുണർത്തുന്ന സൂര്യാ സ്തമയം മുതൽ വടകര, പയ്യോളി കടൽ തീരങ്ങൾ, ലൈറ്റ് ഹൗസ് തുടങ്ങിയുള്ള നയന മനോഹരങ്ങളായ കാഴ്ചകളാണ് ആരേയും ആകർഷണീ യമാക്കുന്നത്.
ഈ ഘട്ടത്തിൽ കായണ്ണ ഗ്രാമപഞ്ചായത്ത് ഈ പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്താനുള്ള പ്രാഥമികമായ നടപടികളുമായി രംഗത്തെത്തി.
വിനോദ സഞ്ചാര വകുപ്പുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശശി അറിയിച്ചു.
ഇതിന്റെ ഭാഗമായി പ്രസിഡന്റ് സി.കെ.ശശി, വാർഡ് മെമ്പർ പി.കെ.ഷിജു, സെക്രട്ടറി മനോജ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സായി പ്രകാശ്, പഞ്ചായത്തംഗങ്ങൾ വിവിധ രാഷ്ട്രീയ പ്രതിനിധികൾ അടങ്ങിയ സംഘം ഇന്നലെ സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.