പല്ലിന് വൃത്തിയില്ലെന്ന കാരണത്താൽ യുവതിയ മൊഴിചൊല്ലിയ ഭർത്താവിനെതിരെ കേസ്. ഹൈദരാബാദിലാണ് സംഭവം. എന്നാൽ സ്ത്രീധന തർക്കത്തെ തുടർന്നാണ് ഭർത്താവ് മൊഴിചൊല്ലിയതെന്നാണ് യുവതിയുടെ വാദം. റുക്സാന ബീഗം എന്നാണ് യുവതിയുടെ പേര്.
സ്ത്രീധനത്തെ ചൊല്ലി ഭർത്താവ് മുസ്തഫയും അദ്ദേഹത്തിന്റെ ബന്ധുക്കളും തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നാണ് റുക്സാന പറയുന്നത്. 2019 ജൂണിലാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന് മുൻപ് സ്ത്രീധനമായി വൻ തുകയാണ് മുസ്തഫയുടെ കുടുംബം ആവശ്യപ്പെട്ടത്. റുക്സാനയുടെ മാതാപിതാക്കൾ അതെല്ലാം നൽകിയിരുന്നു.
എന്നാൽ വിവാഹത്തിന് ശേഷം മുസ്തഫയും കുടുംബാംഗങ്ങളും കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിക്കുകയാണെന്നും തന്റെ സഹോദരന്റെ ബൈക്കുവരെ മുസ്തഫ സ്വന്തമാക്കിയെന്നും റുക്സാന പറയുന്നു.
നിരന്തരമായ പീഡനങ്ങൾക്കൊടുവിൽ എന്റെ പല്ല് മോശമാണെന്നും അതുകൊണ്ട് തന്റെ കൂടെ ജീവിക്കുവാൻ സാധ്യമല്ലെന്നും പറയുകയും വീടിനുള്ളിൽ തന്നെ 15 ദിവസം പൂട്ടിയിടുകയും ചെയ്തുവെന്ന് റുക്സാന പറഞ്ഞു.
ആരോഗ്യ സ്ഥിതി വളരെ മോശമായപ്പോൾ ഭർത്താവിന്റെ വീട്ടുകാർ റുക്സാനയെ മാതാപിതാക്കളുടെ അടുക്കൽ കൊണ്ടുവിട്ടു. തുടർന്ന് ഭർത്താവിനെതിരെ റുക്സാന പോലീസിൽ പരാതി നൽകിയപ്പോൾ അവർ പ്രശ്നം പരിഹരിക്കുവാൻ തയാറായി.
എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം മുസ്തഫ റുക്സാനയുടെ അടുക്കൽ വന്ന് അവരുടെ മാതാപിതാക്കളെ ചീത്തവിളിക്കുകയും മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി മടങ്ങുകയും ചെയ്തു. പിന്നീട് മുസ്തഫയെ റുക്സാന ഫോണിൽ വിളിച്ചപ്പോൾ വീണ്ടും അദ്ദേഹം ഫോണിലൂടെ തലാഖ് ചൊല്ലിയെന്നും റുക്സാന പരാതിയിൽ പറയുന്നു.
മുസ്തഫയ്ക്കെതിരെ പോലീസ് കേസ് രജിസ്ട്രർ ചെയ്തിരിക്കുകയാണ്. സ്ത്രീധനം ആവശ്യപ്പെട്ടതിനും തലാഖ് ചൊല്ലിയതിനുമാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസ്.