ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ പങ്കെടുത്തതിന് യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന് ആരോപണം. മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന റാലിയിൽ പങ്കെടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് ഉത്തർപ്രദേശിലെ ബറേലി സ്വദേശിനിയായ ഫൈറ എന്ന യുവതിയെ ഭർത്താവ് ഡാനിഷ് മുത്തലാഖ് ചൊല്ലിയതെന്നാണ് ആരോപണം.
താൻ മുത്തലാഖ് ചൊല്ലിയാൽ പ്രധാനമന്ത്രിക്കോ മറ്റുള്ളവർക്കോ തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുത്തലാഖ് ചൊല്ലിയതെന്നും യുവതി പറഞ്ഞു. എന്നാൽ ഈ ആരോപണം യുവാവ് നിഷേധിച്ചു.
താൻ ഫൈറയെ മുത്തലാഖ് ചൊല്ലിയിട്ടില്ലെന്നും ഇവർക്ക് മറ്റൊരു യുവാവുമായി വിവാഹേതര ബന്ധമുണ്ടെന്നും അതിനാൽ വിവാഹ ബന്ധം വേർപ്പെടുത്തുകയാണുണ്ടായതെന്നും ഡാനിഷ് പറഞ്ഞു. ഭർത്താവിന് ബന്ധുവായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും അതിനാലാണ് ഇപ്പോൾ ഭർത്താവ് അടിസഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതെന്നും യുവതി പറഞ്ഞു.
യുവതിയുടെ പരാതിയേത്തുടർന്ന് സംഭവത്തേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.