മുക്കം: മുത്തലാഖ് നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിനെ ചൊല്ലി വിവാദം. ബില്ല് ദുരുപയോഗം ചെയ്താണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ശക്തമായി. യുവതിയുടെ ഭർത്താവും വിവിധ രാഷ്ട്രീയ പാർട്ടികളും അറസ്റ്റിനെതിരെ രംഗത്തെത്തി.
മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയതായി കാണിച്ച് യുവതി താമരശ്ശേരി കോടതിയിൽ നൽകിയ പരാതിയിൽ ഇന്നലെയാണ് ഭർത്താവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവായ കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ വീട്ടിൽ ഇ.കെ ഉസാമിനെയാണ് മുക്കം എസ്ഐ ഷാജിദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മുസ്ലിം വുമൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓൺ മാരേജ് ആക്ട് (മുത്തലാഖ് നിയമം) പ്രകാരമായിരുന്നു അറസ്റ്റ് മുത്തലാഖ് നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ കേസാണിത്. ഈ മാസം ഒന്നാം തീയതി വൈകുന്നേരം യുവതിയുടെ വീട്ടിൽ വന്ന് ഭർത്താവായ ഉസാം യുവതിയുടെ പിതാവിന്റേയും ബന്ധുക്കളുടെയും മുന്നിൽ വച്ച് മൂന്ന് മുത്തലാഖ് ഒരുമിച്ച് ചൊല്ലി വിവാഹബന്ധം വേർപെടുത്തുകയായിരുന്നു എന്നാണ് പരാതി.
2011 മെയ് 25 നാണ് ഇരുവരും വിവാഹിതരായത്. മുത്തലാഖ് ചൊല്ലി ഭർത്താവ് വിവാഹബന്ധം വേർപെടുത്തിയതായി കാണിച്ച് മുക്കം പോലീസിനും കോഴിക്കോട് റൂറൽ എസ്പിക്കും യുവതി പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനെ തുടർന്നാണ് താമരശ്ശേരി കോടതിയിൽ പരാതി നൽകിയത് .
ഭർത്താവും ഭർതൃ വീട്ടുകാരും മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെ തുടർന്ന് ഗാർഹിക പീഡന സംരക്ഷണ നിയമപ്രകാരം ഇവർക്കെതിരെ കോടതിയിൽ കേസ് നൽകിയിരുന്നുവെന്നും ഇനി ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകി ഭർതൃവീട്ടുകാർ ഇടപെട്ട് കേസ് പിൻവലിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
പിന്നീട് ഖത്തറിലേക്ക് കൊണ്ടുപോവുകയും ഖത്തറിൽവച്ച് മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ വിവാഹം കഴിക്കുവാൻ തന്നെ ഒഴിവാക്കുന്നതിനുവേണ്ടി പീഡനം തുടർന്നുവെന്നും യുവതി പറയുന്നു. ആധാർ കാർഡ്, എസ്എസ്എൽസി ബുക്ക്, ജനന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ പ്രതി കൈക്കലാക്കുകയും രണ്ടു മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയ ശേഷം തന്നെ തന്റെ വീട്ടിൽ കൊണ്ടുപോയി വിടുകയുമായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇതിനു ശേഷം ഇയാൾ മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കുകയും ഓഗസ്റ്റ് ഒന്നാം തീയതി തന്റെ വീട്ടിൽ വന്ന് ബന്ധുക്കളുടെ മുന്നിൽവച്ച് മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. പ്രതിക്ക് ഖത്തറിൽ ജോലിചെയ്യാനുള്ള വിസയുള്ളതിനാൽ ഏതുസമയത്തും വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു.
ഇതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതേ സമയം ഉസാമിന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി ഇന്നലെ തന്നെ ഉപാധികളോടെ ജാമ്യമനുവദിച്ചു. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാനും രണ്ട് ആൾ ജാമ്യത്തിലുമാണ് ജാമ്യം ലഭിച്ചത്.
മുത്തലാഖ് ചൊല്ലിയിട്ടില്ലെന്ന വാദവും പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഇരുവരും നിയമപരമായി വിവാഹബന്ധം വേർപ്പെടുത്താൻ തയ്യാറാണന്ന് കാണിച്ച് ഒപ്പിട്ട് നൽകിയ രേഖ കയ്യിലുണ്ടന്നും ഉസാം വാദിച്ചിരുന്നു.എന്നാൽ കേസ് കെട്ടിച്ചമച്ചതാണന്നാണ് യുവതിയുടെ ഭർത്താവായ ഉസാം പറയുന്നത്. ഭാര്യയെ മൊഴിചൊല്ലിയിട്ടില്ലന്നും ഭാര്യയെ സ്വീകരിക്കാൻ ഇനിയും തയാറാണന്നും ഉസാം പറഞ്ഞു. അവളിപ്പോഴും തന്റെ ഭാര്യയാണ്.
ഓഗസ്റ്റ് ഒന്നിന് വീട്ടിൽ ചെന്ന് മുത്തലാഖ് ചൊല്ലിയെന്ന വാദം കള്ളമാണ്. വിവാഹമോചനം ആവശ്യപ്പെട്ടത് അവളാണന്നും തനിക്ക് ബന്ധം വേർപ്പെടുത്താൻ താത്പര്യമില്ലായിരുന്ന എന്നും ഉസാം പറഞ്ഞു. ജൂലൈ 29ന് വിവാഹബന്ധം തുടർന്നുപോകാൻ താൽപര്യമില്ലെന്നും അതിനാൽ വിവാഹബന്ധം വേർപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് ഭാര്യ സ്റ്റാമ്പ് പേപ്പറിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ താൻ വക്കീൽ മുഖാന്തിരം മാത്രമേ വിവാഹബന്ധം അവസാനിപ്പിക്കുകയുള്ളു എന്ന് ഭാര്യയേയും ഭാര്യാപിതാവിനേയും ബോധ്യപ്പെടുത്തുകയായിരുന്നു. സാമ്പത്തികമായായി ദുരുപയാഗം ചെയ്യുന്നതിന് വേണ്ടിയുള്ള കള്ളക്കേസാണിത്.
തനിക്ക് വിവാഹബന്ധം വേർപ്പെടുത്താൻ താത്പര്യം ഉണ്ടായിരുന്നില്ലെന്നും ഇതിനെ തുടർന്ന് മുത്തലാഖ് നിയമത്തെ ദുരുപയോഗം ചെയ്ത് കേസ് കൊടുക്കുകയായിരുന്നുവെന്നും ഉസാം പറഞ്ഞു. യുവതി ഉന്നയിച്ച ആരോപണങ്ങൾ കെട്ടിച്ചമച്ചതായത് കൊണ്ടാണ് ജാമ്യം ലഭിച്ചത്. യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണങ്ങൾ കള്ളമാണെന്നും യുവതിയുടെ ആവശ്യപ്രകാരം വിവാഹമോചനം നേടാൻ ഇരുവിഭാഗവും ധാരണയിലെത്തിയതാണെന്നും ബന്ധുക്കളും പറഞ്ഞു.