കാസർഗോഡ്:മുത്തലാഖ് നിരോധന നിയമപ്രകാരം കാസർഗോട്ട് യുവാവിനെതിരെ കേസെടുത്തു. മധൂർ പുളിക്കൂർ സ്വദേശിനിയായ 29 കാരിയുടെ പരാതിയിൽ ഭർത്താവ് കുഡ് ലു ബളിനീർ സ്വദേശി ബി.എം.അഷ്റഫിനെ(34)തിരെയാണ് കാസർഗോഡ് ടൗൺ പോലീസ് കേസെടുത്തത്.
ഗൾഫിലായിരുന്ന അഷ്റഫ് ഭാര്യാസഹോദരന്റെ ഫോണിലേയ്ക്ക് മുത്തലാഖ് ചൊല്ലുന്നതിന്റെ വാട്സ് ആപ്പ് ശബ്ദ സന്ദേശം അയച്ചതായാണ് പരാതി. മാർച്ച് 15നാണ് സന്ദേശം ലഭിച്ചത്. മുത്തലാഖ് നിരോധന നിയമം പ്രാബല്യത്തിൽ വരാത്തതിനാൽ അന്ന് കേസെടുത്തിരുന്നില്ല. ഇന്നലെ ഭാര്യ വീണ്ടും പരാതി നൽകുകയായിരുന്നു. 2007 ൽ വിവാഹിതരായ ഇവർക്ക് രണ്ടു കുട്ടികളുണ്ട്. വിവാഹസമയത്ത് 20 പവനും രണ്ടു ലക്ഷം രൂപയും അഷ്റഫിന് നൽകിയിരുന്നു.
മുത്തലാഖ് ചൊല്ലിയ ശേഷം നാട്ടിലെത്തിയ അഷ്റഫ് മറ്റൊരു വിവാഹം കഴിച്ചതായും പരാതിയിൽ പറയുന്നു. പരാതിക്കാരിയുടെ സഹോദരൻ ഗൾഫിലാണെന്നും തെളിവെടുപ്പിനായി ഇയാളുടെ ഫോൺ ഹാജരാക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. മാർച്ച് 23ന് ഭർത്താവ് പണം ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നതായി കാണിച്ച് യുവതി നൽകിയ പരാതിയിൽ അഷ്റഫിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തിരുന്നു.