മുക്കം: സംസ്ഥാനത്തെ ആദ്യ മുത്തലാഖ് വിഷയത്തിൽ ഇനിയും വിവാദമൊടുങ്ങുന്നില്ല. യുവതിക്കെതിരെ മഹല്ലിലെ പള്ളിക്കമ്മറ്റിയും രംഗത്തത്തി. നെല്ലിക്കുത്ത് പള്ളിക്കമ്മറ്റിയാണ് രംഗത്ത് വന്നിരിക്കുന്നത്. വിവാഹമോചനം നടന്നിട്ടില്ലെന്നും മുത്തലാഖ് നടപടി സാധുതയില്ലെന്നും പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
മുത്തലാഖിന്റെ പേരിൽ കൊടിയത്തൂർ ചെറുവാടി ചുള്ളിക്കാപറമ്പ് കണ്ടങ്ങൽ വീട്ടിൽ ഇ.കെ.ഉസാമിനെ അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നും കുമാരനെല്ലൂർ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം വേർപ്പെടുത്തിയിട്ടില്ലെന്നും കുമാരനെല്ലൂർ നെല്ലിക്കുത്ത് പള്ളി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഇതോടെ യുവതിയുടെ കുടുംബത്തിന് സ്വന്തം മഹല്ലിൽ നിന്നും പിന്തുണയില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
അതേസമയം മുത്തലാഖ് ചൊല്ലിയില്ലെന്ന ഉസാമിന്റെ വാദം തള്ളി യുവതി രംഗത്തെത്തി. ചൊല്ലിയത് മുത്തലാഖ് തന്നെയാണെന്നും ഓഗസ്റ്റ് ഒന്നിന് വൈകീട്ട് വീട്ടിലെത്തിയാണ് ഭര്‍ത്താവ് ഉസാം മുത്തലാഖ് ചൊല്ലിയതെന്നും യുവതി പറഞ്ഞു. താന്‍ വിവാഹമോചനം തേടിയെന്ന പേരില്‍ പ്രചരിക്കുന്ന രേഖ വ്യാജമാണ്.
കുറ്റപ്പെടുത്തുന്നവര്‍ തന്റെ ഏഴ് വര്‍ഷത്തെ ജീവിത യാതനകള്‍ അറിയാത്തവരാണെന്നും യുവതി പറഞ്ഞു. മുത്തലാഖ് നിരോധനനിയമപ്രകാരം ഭര്‍ത്താവ് മുക്കം ചുള്ളിക്കാപ്പറമ്പ് സ്വദേശി ഉസാമിനെതിരെ നല്കിയ കേസ് സത്യസന്ധമാണ്. ഭർത്താവ് മൂന്ന് മൊഴിയും ചൊല്ലിയതിന് സാക്ഷികളുണ്ടെന്നും അവർ പറഞ്ഞു.
കൂടുതല്‍ സ്ത്രീധനവും സ്വര്‍ണവും ചോദിച്ച് ഏറെ പീഡിപ്പിച്ചു. തനിക്ക് അവഹിത ബന്ധമുണ്ടെന്നും പ്രചരിപ്പിച്ചു. മറ്റൊരു യുവതിയെ വിവാഹം ചെയ്യാനാണ് തന്നെ മുത്തലാഖ് ചൊല്ലിയത്. മുത്തലാഖ് കേസില്‍ ഭര്‍ത്താവ് ഉസാമിനെ അറസ്റ്റു ചെയ്തതോടെ യുവതിക്കെതിരെ ചിലര്‍ അധിക്ഷേപപ്രചാരണം തുടങ്ങിരുന്നു. മുത്തലാഖ് നിയമം ദുരുപയോഗം ചെയ്തുവെന്നും പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് യുവതി വെളിപ്പെടുത്തൽ നടത്തിയത്.