ദാസനക്കര: കൂടൽക്കടവ് പാലത്തിന് സമീപം മുതലകളെ ചത്ത നിലയിൽ കണ്ടെത്തി. 300 കിലോ തൂക്കം വരുന്ന രണ്ട് വലിയ മുതലകളെയാണ് ഇന്നലെ രാവിലെ ചത്ത നിലയിൽ കണ്ടെത്തിയത്.
പനമരം പുഴയും മാനന്തവാടി പുഴയും തമ്മിൽ ചേരുന്ന ദാസനക്കര കുടൽക്കടവ് പാലത്തിനടിയിൽ പാറക്കെട്ടിൽ തടഞ്ഞ നിലയിലാണ് മുതലകളുടെ ജഡം ഇന്നലെ രാവിലെ നാട്ടുകാർ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ചെതലയം റേഞ്ച് ഓഫീസർ ആഷിഫിന്റെ നേതൃത്ത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പുഴയിൽ നിന്നും മുതലകളെ കരയ്ക്കെത്തിച്ചു. ഒരു മുതലക്ക് എകദേശം 300 കിലോയോളം തൂക്കവും 35 വയസ് പ്രായവും വരുമെന്ന് വെറ്ററിനറി സർജൻ ഡോ. അരുണ്‍ സഖറിയ പറഞ്ഞു.
മുതലയുടെ ജഡം വാഹനത്തിൽ കയറ്റി പുൽപ്പള്ളി റേഞ്ച് ഓഫീസിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. കഴിഞ്ഞ വർഷം പനമരം പുഴയിലെ ആലുവ കടവിൽ ഒരു മുതലയെ ഇത്തരത്തിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
പുഴകളിലെ കോഴി വേസ്റ്റ് നിക്ഷേപവും അറവ് മാലിന്യങ്ങൾ തള്ളുന്നതുമാവാം മുതലകൾ ചാവാൻ കാരണമെന്ന് പറയപ്പെടുന്നു.