ന്യൂഡൽഹി: മൂന്നുവട്ടം മൊഴി ചൊല്ലി മുത്തലാക്കിലൂടെ വിവാഹ ബന്ധം ഉപേക്ഷിക്കുന്ന ഭർത്താവിന് മൂന്നു വർഷം തടവുശിക്ഷ ലഭിക്കുന്ന മുസ്ലിം വനിതാ വിവാഹാവകാശ സംരക്ഷണ നിയമ ബിൽ(മുത്തലാക്ക് നിരോധന ബിൽ) രാജ്യസഭയിലും പാസായി.
ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ഭേഗതി നിർദേശം ഉൾപ്പെടെ വോട്ടിനിട്ടുതള്ളി 84നെതിരേ 99 വോട്ടുകൾക്കാണ് ബില്ല് പാസായത്. മുത്തലാക്ക് ഓർഡിനൻസിനു പകരമുള്ള നിയമത്തിനാണ് രാജ്യസഭ അംഗീകാരം നൽകിയത്.
ചരിത്രം കുറിച്ച ദിവസമാണെന്നും പാർലമെന്റിന്റെ ഇരുസഭകളും മുസ്ലിം വനിതകൾക്ക് നീതി ഉറപ്പാക്കി കൊടുത്തിരിക്കുകയാണെന്നുമാണ് രവിശങ്കർ പ്രസാദ് ബില് പാസായതിനുശേഷം സഭയ്ക്കു പുറത്തു പ്രതികരിച്ചത്. മൂന്നാമത്തെ തവണയാണ് ബിൽ രാജ്യസഭയുടെ പരിഗണനയ്ക്കു വരുന്നത്.
മുത്തലാക്ക് ബിൽ അവതരിപ്പിക്കുന്നതിൽ എതിർപ്പറിയിച്ച എഐഎഡിഎംകെ സഭയിൽ നിന്നിറങ്ങിപ്പോയി. ഇസ്ലാമിൽ തന്നെ അംഗീകാരമില്ലാത്ത മുത്തലാക്കിനെ നിയമപരമായി നിരോധിക്കേണ്ട സാഹചര്യമില്ലെന്ന് പാർട്ടി എംപി എ. നവനീത കൃഷ്ണൻ ചൂണ്ടിക്കാട്ടി. നിലവിലില്ലാത്ത ഒരു സംഭവം കുറ്റകരമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി സഖ്യകക്ഷിയായ ജനതാദൾ യുണൈറ്റഡും എതിർപ്പുമായി സഭയിൽനിന്നിറങ്ങിപ്പോയപ്പോൾ ടിആർഎസ് വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. എഐഎഡിഎംകെയും ജെഡിയുവും വോട്ടെടുപ്പിൽ നിന്നു വിട്ടു നിന്ന് സർക്കാരിനെ ബില്ല് പാസാക്കുന്നതിൽ സഹായിക്കുകയായിരുന്നു. ബിജു ജനതാദൾ സർക്കാരിന് അനുകൂലമായി വോട്ടെടുപ്പിൽ ഒപ്പം നിന്നു.
എന്നാൽ, വോട്ടെടുപ്പിൽ നിരവധി കോണ്ഗ്രസ്, സമാജ് വാദി പാർട്ടി, ശരദ് യാദവിന്റെ പാർട്ടിയും വിട്ടു നിന്നതും ശ്രദ്ധേയമായി. ബിഎസ്പിയും സഭയിൽ എത്തിയില്ല. വൈഎസ്ആർ കോണ്ഗ്രസ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. സിപിഎം എംപി ഇളമരം കരീമും സിപിഐ എംപി ബിനോയ് വിശ്വവും ബില്ലിനെ എതിർത്തു സംസാരിച്ചു.