മുത്തലാഖിന് സുപ്രീംകോടതി നിരോധനം; അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന വിധി പുറപ്പെടുവിച്ചത്

ന്യൂഡൽഹി: മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. എന്നാൽ ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ കേസിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. വിഷയത്തിൽ പാർലമെന്‍റ് തീരുമാനമെടുക്കട്ടെ എന്നും ഇതിന് ആറ് മാസം സമയം അനുവദിക്കാമെന്നുമായിരുന്നു ചീഫ് ജസ്റ്റീസിന്‍റെ വിധി.

മതാചാരത്തിന്‍റെ അവിഭാജ്യഘടകമാണ് മുത്തലാഖ് എന്നായിരുന്നു ഖെഹാറിന്‍റെ വിധി. മുസ്ലീം വിവാഹമോചനത്തിന് നിയമം കൊണ്ടുവരണമെന്നും ആറ് മാസത്തിനകം പാർലമെന്‍റ് ഇതുസംബന്ധിച്ച നിയമം കൊണ്ടുവരണമെന്നും ഖെഹാർ ഉത്തരവിട്ടു. ഈ ആറ് മാസത്തേക്ക് മുത്തലാഖ് നിരോധിച്ചതായും പാർലമെന്‍റ് ഈ കാലയളവിൽ നിയമം കൊണ്ടുവന്നില്ലെങ്കിൽ മുത്തലാഖ് നിരോധനം തുടരുമെന്നും ഖെഹാർ ഉത്തരവിട്ടു.

ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റീസ് എസ്.അബ്ദുൾ നസീർ ചീഫ് ജസ്റ്റീസിന്‍റെ വിധിയെ അനുകൂലിക്കുകയായിരുന്നു. മുസ്‌ലീങ്ങളുടെ വിശ്വാസത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമാണ് മുത്തലാഖ്. മതപരമായ വിഷയത്തിൽ സുപ്രീം കോടതി ഇടപെടുന്നതിനെക്കാൾ ഉചിതം പാർലമെന്‍റ് ഇടപെടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

എന്നാൽ മലയാളിയായ ജസ്റ്റീസ് കുര്യൻ ജോസഫ്, റോഹിൽടണ്‍ നരിമാൻ, യു.യു.ലളിത് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധി പുറപ്പെടുവിച്ചത്. മുത്തലാഖ് മതപരമായ വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ജസ്റ്റീസ് കുര്യൻ ജോസഫ് വിധിന്യായത്തിൽ പറഞ്ഞു.

അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേർ മുത്തലാഖിനെ എതിർത്തതോടെ അത് കോടതി വിധിയാകും. ഭരണഘടന ബെഞ്ചിൽ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ടാലും എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരമാണ് ഉള്ളത്.

Related posts