കൊച്ചി: മുത്തലാക്ക് ബിൽ രാജ്യസഭയിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് കെ.സി.വേണുഗോപാൽ എംപി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. മുത്തലാക്ക് ബില്ലിനെ കുറിച്ച് യുഡിഎഫിലോ യുപിഎയിലോ ഒരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുത്തലാക്ക് ബിൽ ചർച്ചയിൽ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് ലീഗിന്റെ ആഭ്യന്തരകാര്യമാണെന്ന് വേണുഗോപാൽ പറഞ്ഞു. എന്താണ് അദ്ദേഹത്തിന്റെ വിശദീകരണമെന്നു തനിക്കറിയില്ല. പക്ഷേ, കുഞ്ഞാലിക്കുട്ടി മാത്രമല്ല അന്നു സഭയിൽ എത്താതിരുന്നത്. കേരളത്തിൽനിന്നുള്ള സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുത്തില്ലല്ലോ എന്നും വേണുഗോപാൽ ചോദിച്ചു.
ലോക്സഭയിലെ വോട്ടെടുപ്പു ബഹിഷ്കരിക്കാനായിരുന്നു പൊതുധാരണയെന്നും വോട്ടെടുപ്പിൽ പങ്കെടുത്തതു കൊണ്ടു കാര്യമില്ല എന്നതു പരിഗണിച്ചായിരുന്നു ബഹിഷ്കരണമെന്നും അദ്ദേഹം വ്യക്തമാക്കി.