നിയാസ് മുസ്തഫ
കോട്ടയം: മുത്തലാക്ക് ബിൽ പാസാക്കിയ ദിവസം ലോക്സഭയിൽ എത്താതിരുന്ന മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ ന്യായീകരിച്ച് ലീഗ് സം സ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. പാർലമെന്റിനു മുന്നിലെത്തിയ മുത്തലാക്ക് ബില്ല് സംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും പാർട്ടിയുടെ നിലപാട് അർഥശങ്കയ്ക്കിടയില്ലാത്തവിധം മുസ്ലിം ലീഗ് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇക്കാര്യത്തിൽ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറയുന്നു.
സിവിൽ നിയമം ക്രിമിനൽ കുറ്റമാക്കുകയും മുസ്ലിം വ്യക്തിനിയമത്തിൽ ഇടപെടലുകൾ നടത്തുകയുമാണ് ഈ ബില്ലിലൂടെ നടന്നിട്ടുള്ളത്. മുസ്ലിം സമുദായത്തിലൊരാൾ വിവാഹമോചനം നടത്തിയാൽ അവരെ തടവുശിക്ഷയ്ക്ക് വിധേയമാക്കുന്ന നിയമം മറ്റൊരു സമുദായത്തിലും വിവാഹമോചനത്തിനു ബാധകമല്ലെന്നതാണ് വിചിത്രമായ കാര്യം. അപ്രായോഗികമായ ഈ നിയമത്തെ അപ്പാടെ എതിർക്കുകയാണ് മുസ്ലിം ലീഗ് പാർലമെന്റിൽ ചെയ്തുവന്നിരുന്നത്.
ഓർഡിനൻസിനു പകരമായി വന്ന ലോക്സഭയിലെ ബില്ലിനെ അതിശക്തമായ രീതിയിൽ പാർട്ടി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എതിർക്കുകയുണ്ടായി. ഈ എതിർപ്പ് കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ചിലർ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ വിമർശിക്കുന്നത്. യുപിഎയിലെ പല കക്ഷികളും വോട്ടിംഗ് ബഹിഷ്കരിക്കാൻ തീരുമാനിക്കുന്പോൾ അതിനെ വോട്ട് ചെയ്ത് എതിർത്ത് നിൽക്കുകയാണ് പ്രായോഗികമായി നല്ലതെന്നു തോന്നിയതിനാലാണ് ഇ .ടി. മുഹമ്മദ് ബഷീർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്.
ഈ കാര്യങ്ങളെല്ലാം തന്നെയും ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചർച്ച ചെയ്ത് എടുത്ത തീരുമാനമാണെന്നും കെ.പി.എ. മജീദ് പറഞ്ഞു. മുസ്ലിം ന്യൂനപക്ഷത്തിനെതിരേ വന്നിട്ടുള്ള പല നിയമനിർമാണങ്ങളെയും മുസ്ലിം ലീഗ് എതിർത്തുപോന്നിട്ടുണ്ട്. വ്യക്തിപരമായ ചില കാരണങ്ങളാൽ ഒരു അംഗത്തിന് സഭാ നടപടികളിൽ പങ്കെടുക്കാനാവാത്തത് വലിയ വാർത്തയാക്കുന്നവർ മുസ്ലിം ലീഗ് വിഷയത്തിലെടുത്തിട്ടുള്ള നിലപാടിനെ മറച്ചുവയ്ക്കുകയാണ് ചെയ്യുന്നത്.
ഇത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. വരുംകാലങ്ങളിൽ ഇസ്ലാമിക ശരീഅത്തിനെതിരെയും വ്യക്തിനിയമങ്ങൾക്കെതിരെയും നടക്കുന്ന എല്ലാ ശ്രമങ്ങളെയും മുസ്ലിം ലീഗ് എതിർത്തു തോൽപ്പിക്കുക തന്നെ ചെയ്യുമെന്നും കെ.പി.എ മജീദ് വ്യക്തമാക്കി. എന്നാൽ, സഭാ നടപടികളിൽ പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരേയുള്ള പ്രതിഷേധം വിവിധ മുസ്ലിം സംഘടനകൾ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം മന്ത്രി കെ.ടി ജലീലും ഐഎൻഎല്ലും കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരേ രംഗത്തുവന്നു.
ലോക്സഭയിൽ നടന്ന മുത്തലാക്ക് ചർച്ചയിൽ പങ്കെടുക്കാതെ നാട്ടിൽ കല്യാണം കൂടാൻ പോയ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വയ്ക്കണമെന്ന് മന്ത്രി കെ.ടി. ജലീൽ ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ കറുത്ത ദിനമായിരുന്നു അത്. അണികളെ വഞ്ചിക്കുന്ന രീതി ലീഗ് ആവർത്തിക്കുകയാണ്. തന്റെ അല്ല, കുഞ്ഞാലിക്കുട്ടിയുടെ രാജിയാണ് യൂത്ത് ലീഗ് ആവശ്യപ്പെടേണ്ടതെന്നും ജലീൽ പറഞ്ഞിരുന്നു.
എന്നാൽ കെ.ടി ജലീലിന്റെ രാജി ആവശ്യത്തിനു മറുപടി പറയാനില്ലെന്ന് കെ.പി.എ. മജീദ് രാഷ്ട്രദീപികയോട് പറഞ്ഞു.അതേസമയം, തനിക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്ന് പറഞ്ഞ് ഇന്നലെ പി.കെ. കുഞ്ഞാലിക്കുട്ടി എംപി രംഗത്തുവന്നിരുന്നു. പാർലമെന്റിൽ എത്താതിരുന്നത് പാർട്ടിപരവും വിദേശയാത്രാപരവുമായ അത്യാവശ്യം മൂലമാണ്. ചില തത്പരകക്ഷികളാണ് പ്രചാരണങ്ങൾക്ക് പിന്നിൽ.
പ്രതിഷേധവോട്ട് ചെയ്യാനെടുത്ത തീരുമാനം ഇ .ടി. മുഹമ്മദ് ബഷീർ നിർവഹിച്ചെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പൂർണമായ നിലയ്ക്കല്ല വോട്ടെടുപ്പ് നടന്നത് എന്നിരിക്കെ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു.