മലപ്പുറം: മുത്തലാക്ക് സംബന്ധിച്ച പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ചു പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ടതായി മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
പാർലമെന്റിൽ ബില്ലിൽ ചർച്ച നടക്കുന്ന സമയത്ത് കുഞ്ഞാലിക്കുട്ടി തിരൂരിൽ ഒരു പ്രവാസി പ്രമുഖന്റെ വസതിയിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതു വൻ വിവാദമായ സാഹചര്യത്തിലാണ് ഹൈദരലി തങ്ങൾ കുഞ്ഞാലിക്കുട്ടിയോടു വിശദീകരണം തേടിയത്. സംഭവത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയെ ഇ.ടി മുഹമ്മദ് ബഷീർ എംപി ഇന്നലെ പിന്തുണച്ചിരുന്നു.
അതേസമയം ചില കക്ഷികൾ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പെട്ടെന്നു തീരുമാനിച്ചപ്പോൾ മുസ്ലിം ലീഗും പ്രതിഷേധ വോട്ട് ചെയ്യുന്നതാണ് നല്ലതെന്നു അപ്പോൾത്തന്നെ താനും ഇ.ടി മുഹമ്മദ് ബഷീർ എംപിയും കൂടിയാലോചിച്ചു തീരുമാനിച്ചു. അദ്ദേഹം അതു നിർവഹിക്കുകയും ചെയ്തു.
അതുമൂലമാണ് പാർട്ടിപരമായും വിദേശ യാത്രാപരമായും മറ്റും ചില അത്യാവശ്യങ്ങളുള്ളതിനാൽ പാർലമെന്റിൽ താൻ ഹാജരാവാതിരുന്നത്. ഉടനടി എടുത്ത തീരുമാനമായതിനാലാണ് എതിർത്ത് വോട്ട് ചെയ്യാൻ 11 പേർ മാത്രം ഉണ്ടായത്. പൂർണമായ നിലയ്ക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നതെന്നാണ് കുഞ്ഞാലിക്കുട്ടി ഇതേക്കുറിച്ചു ആദ്യം പ്രതികരിച്ചത്.
കുപ്രചാരണമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. മുത്തലാക്ക് വിഷയത്തിൽ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിൽ വിവിധ കോണുകളിൽ നിന്നു ശക്തമായ പ്രതിഷേധമാണുയരുന്നത്.