നിയാസ് മുസ്തഫ
കോട്ടയം: മുത്തലാക്ക് ബിൽ ലോക്സഭയുടെ പരിഗണനയ്ക്കു വന്നപ്പോൾ സഭാ നടപടികളിൽ പങ്കെടുക്കാതിരുന്ന മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ പി.കെ. കുഞ്ഞാലി ക്കുട്ടിക്കെതിരേ ഉയർന്നുവന്ന പ്രതിഷേധം തണുത്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് പ്രശ്ന പരിഹാരമായത്.
ലീഗിനോട് എന്നും ആഭിമുഖ്യം കാട്ടുന്ന സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ കുഞ്ഞാലിക്കുട്ടിക്കെതിരേ രംഗത്തുവന്നിരുന്നു. ഇതോടൊപ്പം മന്ത്രി കെ.ടി. ജലീലും ഐഎൻഎലും പ്രശ്നം രാഷ്ട്രീയവത്കരിക്കുകയും ചെയ്തു. പി.ഡി.പി, ഐഎൻഎൽ തുടങ്ങിയ പാർട്ടികൾ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാർച്ചും നടത്തി. ഇതോടെയാണ് ഹൈദരലി തങ്ങൾ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്.
കുഞ്ഞാലിക്കുട്ടി തന്ന വിശദീകരണം തൃപ്തികരമാണെന്നും പാർട്ടിയുടെ ഉത്തമ താല്പര്യം പരിഗണിച്ച് ഈ വിഷയത്തിലുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും പാണക്കാട് തങ്ങൾ അഭ്യർഥിച്ചതോടെയാണ് വിവാ ദം തണുത്ത ത്. മേലിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം.
മുത്തലാക്ക് വിഷയം അടുത്ത ദിവസം നടക്കുന്ന പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നും ഹൈദരലി തങ്ങൾ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ന് രാജ്യസഭയുടെ പരിഗണനയ്ക്ക് മുത്തലാക്ക് ബിൽ വരും. ബില്ലിനെ പ്രതിപക്ഷ കക്ഷികളുമായി യോജിച്ച് ശക്തമായി എതിർക്കണമെന്ന കർശന നിർദേശം പി.വി അബ്ദുൽ വഹാബ് എംപിക്ക് ലീഗ് നേതൃത്വം നൽകിയിട്ടുണ്ട്.
യോജിക്കാവുന്ന കക്ഷികളുടെയൊക്കെ പിന്തുണയോടെ ബില്ലിനെ എതിർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു.ഈ സാഹചര്യത്തിൽ മുത്തലാക്ക് ബിൽ ഭരണപക്ഷത്തിന് രാജ്യസഭയിൽ പാസാക്കാൻ കഴിയില്ലെന്നാണ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ നിലവിലെ വിവാദങ്ങളെല്ലാം പൂർണമായും ശമിക്കുമെന്നും ലീഗ് കരുതുന്നു.