പയ്യന്നൂര്‍: ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന് കേസെടുത്തു. സുപ്രീം കോടതി നിരോധിച്ച മുത്തലാഖ് നടപ്പാക്കിയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു സ്വമേധയാ കേസെടുത്തതെന്നു സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് രാഷ്ട്രദീപികയോട് പറഞ്ഞു.
ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെയുള്ള യുവതിയുടെ പരാതി ഫയലില്‍ സ്വീകരിച്ച പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം പ്രതികള്‍ക്കു നോട്ടീസയച്ചതിനു പിന്നാലെയാണു വനിതാ കമ്മീഷന് കേസെടുത്തത്. ഇതിന്റെ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്കു കൈമാറുമെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
കഴിഞ്ഞ മാസം 13 നാണു പരാതിക്ക് ആസ്പദമായ സംഭവം. കാങ്കോല്‍ ന്യൂഹൗസില്‍ താമസിക്കുന്ന അബ്ദുള്‍ സലാമിന്റെ മകള്‍ ആരിഫയെ (23) ഭര്‍ത്താവ് പയ്യന്നൂര്‍ പെരുമ്പ എസ്.കെ ഹൗസില്‍ താമസിക്കുന്ന ലിയാക്കത്ത് അലിഖാന് (35) മൂന്ന് തലാഖും ഒന്നിച്ചുചൊല്ലി ബന്ധം വേര്പ്പെടുത്തിയതെന്നാണു പരാതി. 2013 മാര്‍ച്ച് 31 നാണു പരാതിക്കാരിയായ ആരിഫയെ ലിയാക്കത്ത് അലി വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ നാലു വയസുള്ള ഒരു ആണ്‍കുട്ടിയുണ്ട്.
വിവാഹസമയത്തു നാലുലക്ഷം രൂപയും 60 പവനും സ്ത്രീധനമായി നല്‍കിയെന്നും വീടുവയ്ക്കാന്‍ 15 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു പരാതിക്കാരിയുടെ മാതാവ് 15 സെന്റ് വസ്തു പരാതിക്കാരിക്കു ദാനം നല്‍കിയിരുന്നുവെന്നും പരാതിക്കാരി കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതിനിടയിലാണു നിയമവിരുദ്ധമായി യുവതിയെ തലാഖ് ചൊല്ലിയതായി കടലാസിലെഴുതി കാങ്കോലിലെ പള്ളിയിലേല്പ്പിച്ചത്.
തലാഖ് ചൊല്ലിയ ശേഷം ലിയാക്കത്ത് അലിഖാന് പെരുമ്പയിലെ മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയുമുണ്ടായി.ഇതേ തുടര്‍ന്നാണു തലാഖ് നിയമവിരുദ്ധമാണെന്നും തന്നെ നിര്‍ബന്ധിച്ചു കൈവശപ്പെടുത്തിയ വസ്തുവും സ്ത്രീധന തുകയും ആഭരണങ്ങളും തിരിച്ചുകിട്ടണമെന്നും തനിക്കും കുട്ടിക്കും ചെലവിനായി 1,20,000 രൂപാ വീതം ലഭിക്കണമെന്നും വീടുനിര്‍മിക്കാന്‍ എടുത്ത 20 ലക്ഷം രൂപയുടെ കടബാധ്യത തീര്‍ത്തു തരണമെന്നും ആവശ്യപ്പെട്ട് ആരിഫ അഡ്വ.കെ. വിജയകുമാര്‍ മുഖേന കോടതിയെ സമീപിച്ചത്.
ആരിഫയുടെ മൊഴിയെടുത്ത കോടതി ഇപ്പോള്‍ ഗള്‍ഫിലുള്ള ലിയാക്കത്തലി, രണ്ടാം ഭാര്യ പെരുമ്പ അരിയാപ്രത്തെ സുഹൈല (28), മാതാപിതാക്കളായ അബ്ദുള്‍ ഖാദര്‍ (65), എസ്.കെ. ബീഫാത്തിമ (58), ബന്ധുക്കളായ ഹബീബ അബൂബക്കര്‍ (38), അബൂബക്കര്‍ (48), നിസാര്‍ (40), എസ്.കെ. നൗഷാദ് (40), രണ്ടാം ഭാര്യ സുഹൈലയുടെ പിതാവ് മുസ്തഫ (60), മുജീബ് അരയാപ്രം (40) എന്നിവര്‍ക്കു നോട്ടീസയച്ചത്. കേസ് ഒക്ടോബര്‍ 24 ന് കോടതി വീണ്ടും പരിഗണിക്കും.