വണ്ടിത്താവളം: മുതലമട റെയിൽവേ സ്റ്റേഷൻ കോന്പൗണ്ട് റോഡ് തകർന്ന് ഗർത്തമുണ്ടായത് ഇതുവഴിയുള്ള വാഹനസഞ്ചാരം ദുഷ്കരമാക്കുന്നു. തകർന്ന ഗർത്തിൽ കുളംപോലെ വെള്ളക്കെട്ടാണ്. ചരക്കുലോറികൾ ഗർത്തത്തിൽ ഇടിച്ചിറങ്ങി യന്ത്രതകരാറുണ്ടാകുന്നതും പതിവാണ്.
പാലക്കാട് കാന്പ്രത്ത്ചള്ള വഴിയുള്ള പത്തു സ്വകാര്യ ബസുകൾ ഇതുവഴിയാണ് സഞ്ചരിക്കുന്നത്. തകരാറിലായ റോഡ് റെയിൽവേ അധികാരപരിധിയിൽ ഉൾപ്പെട്ടതാണ്. യാത്രക്കാർ റെയിൽവേ റോഡ് അധികൃതർക്ക് പരാതി നല്കിയാൽ മേലധികാരികളുടെ ഇടപെടൽ ഉണ്ടായാലേ പുനർനിർമാണം നടത്താനാവൂവെന്നും ഇതിന് കൂടുതൽ സമയം വേണ്ടിവരുമെന്നുമാണ് മറുപടി ലഭിക്കുന്നത്.
രാത്രി സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാർ ഗർത്തത്തിൽ ഇടിച്ചിറങ്ങി അപകടത്തിൽപ്പെടുന്നതും നിത്യകാഴ്ചയാണ്. റോഡിൽ കെട്ടിനില്ക്കുന്ന വെള്ളം കുടിക്കാൻ പന്നിക്കുട്ടമെത്തുന്നതും ഇതുവഴിയുള്ള രാത്രിയാത്ര അപകടഭീഷണിയിലാക്കുകയാണ്. നിലവിൽ ഇരുചക്ര- മുച്ചക്ര വാഹനങ്ങളിൽ യാത്രയ്ക്കു നാട്ടുകാർ ഭയപ്പെടുകയാണ്.
കഴിഞ്ഞമാസം വളവുറോഡ് തിരിഞ്ഞ് ബൈക്കിൽ വെള്ളക്കെട്ടിനടുത്തെത്തിയപ്പോൾ അഞ്ചംഗ പന്നിക്കൂട്ടം വെള്ളം കുടിക്കുന്നതുകണ്ട് ഭയന്ന യാത്രികൻ വാഹനം റോഡിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടിരുന്നു. പിന്നീട് രാവിലെയാണ് സ്ഥലത്തെത്തി ബൈക്ക് കൊണ്ടുപോയത്.
റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗം റിംഗ് റോഡാണ് കുടുതൽ തകർന്ന് ഗർത്തങ്ങളുണ്ടായിരിക്കുന്നത്.