തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ നാളെ മുതൽ വിവിധ സംഘടനകളുടെ പ്രതിഷേധസമരങ്ങൾക്ക് തുടക്കമാകും.
ലത്തീൻ അതിരൂപത വികാരി ജനറാൽ മോണ്‍.യൂജിൻ പെരേരയ്ക്കെതിരെയും മത്സ്യത്തൊഴിലാളികൾക്കെതിരെയും പോലീസ് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുക, പുലിമുട്ട് നിർമാണത്തിലെ അപാകത പരിഹരിക്കുക, സഭാ നേതൃത്വത്തെയും മത്സ്യബന്ധന സമൂഹത്തെയും അപമാനിച്ച മന്ത്രിമാർ മാപ്പ് പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ സംസ്ഥാന വ്യാപകമായാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ രൂപതകളുടെയും ഇടവകകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധവും സമരപരിപാടികളും നടത്തുന്നത്.
മുതലപ്പൊഴിയിലെ അപകടങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് മുതലപ്പൊഴി, പെരുമാതുറ, പുതുകുറിച്ചി മേഖലകളിലെ മുസ്ലിംജമാഅത്തുകളുടെ കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതലപ്പൊഴി-താഴംപള്ളി ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചിട്ടുണ്ട്.
പെരുമാതുറ മുതലപ്പൊഴി ഭാഗത്ത് നിന്നും പ്രകടനമായാണ് നാട്ടുകാർ എത്തുക. ധർണ പുതുകുറിച്ചി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സൽമാൻ അൽഖാസിമി ഉദ്ഘാടനം ചെയ്യും.
അപകടമരണങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിലെ പുലിമുട്ട് നിർമ്മാണത്തിലെ അപാകത പരിഹരിച്ച് മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്ക് വേണ്ട ക്ഷേമപദ്ധതികൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചിട്ടുണ്ട്.
അടൂർ പ്രകാശ് എംപി രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ മുതലപ്പൊഴിയിൽ നിരാഹാര സത്യാഗ്രഹം നടത്തും. കോണ്‍ഗ്രസ് , യുഡിഎഫ് പ്രവർത്തകരും നിരാഹാരസമരത്തിൽ പങ്കെടുക്കും.
രാവിലെ ആരംഭിക്കുന്ന സമരപരിപാടികളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ഡിസിസി പ്രസിഡന്റ് പാലോട് രവി ഉൾപ്പെടെയുള്ള നേതാക്കൾ സംബന്ധിക്കും.
വൈകുന്നേരം അഞ്ചിന് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിക്കും. സമാപന സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.