തിരുവനന്തപുരം: ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരയ്ക്കെതിരെ കേസെടുത്തത് തീരദേശജനതയോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കേസ് അടിയന്തരമായി പിന്‍വലിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
തീരദേശത്തെ ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നവരാണ്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. മന്ത്രിമാര്‍ പ്രകോപനമുണ്ടുന്ന രീതിയില്‍ സംസാരിച്ച ശേഷം അതിന്റെ പേരില്‍ ഒരു വികാരി ജനറലിനെതിരെ കേസെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്നും സതീശന് പറഞ്ഞു.
അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ട് മുതലപ്പൊഴിയെ സര്‍ക്കാര്‍ മരണപ്പൊഴി ആക്കി മാറ്റുകയാണ്. ഇവരുടെ പ്രശ്നം പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞതാണ്.
പ്രദേശത്ത് അപകടമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തരമായി പരിഹാരം കാണാമെന്ന് അന്ന് സഭയില്‍ മറുപടി പറഞ്ഞ മന്ത്രി ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ചെറുവിരല്‍ പോലും അനക്കിയിട്ടില്ല
മുതലപ്പൊഴിയില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരെ കാണാതായതും ഒരാള്‍ മരിച്ചതും അവിടെ തുടര്‍ച്ചയായി നടക്കുന്ന അപകടങ്ങളുടെ ഭാഗമാണ്. സര്‍ക്കാരിന്റെ അനാസ്ഥ മൂലം അവിടെ മരിക്കാനിടയായത് 60ല്‍ അധികം പേരാണ്. പലരുടെയും മൃതദേഹം പേലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും സതീശന് പറഞ്ഞു.
വിഴിഞ്ഞം സമരം പരാജയപ്പെട്ടതുകൊണ്ടുള്ള വിരോധം തീര്‍ക്കാനാണ് വികാരി ജനറാല്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് മന്ത്രിമാര്‍ പറഞ്ഞത്. 140 ദിവസം അവര്‍ സമരം നടത്തിയത് തീരപ്രദേശത്തെ പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം സമരകാലത്ത് ആര്‍ച്ച് ബിഷപ്പിനെതിരെ എടുത്ത കേസ് പോലും ഇതുവരെ പിന്‍വലിച്ചിട്ടില്ല. തീരപ്രദേശത്തെ ജനങ്ങളെ ശത്രുക്കളെപ്പോലെ കാണുന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും സതീശന് വിമര്‍ശിച്ചു.